ബെംഗളൂരു: താഴ്‌ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരങ്ങളും ചേർന്ന് 19 കാരിയെ കൊലപ്പെടുത്തി. ബെംഗളൂർ രാമഗനഗ്രയിലാണ് 19 കാരിയെ അച്ഛനും കസിൻ സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്. കസിൻ സഹോദരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
യുവതിയുടെ അച്ഛനെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയെ കാണാതായതിനെ തുടർന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 19 വയസ്സുള്ള ഹേമലതയാണ് കൊല്ലപ്പെട്ടത്. സംവരണ ജാതിയിൽപ്പെട്ട പുനീത് എന്ന യുവാവുമായി ഹേമലത പ്രണയത്തിലായിരുന്നു. ഒക്‌ടോബർ ഒൻപതിനാണ് യുവതിയുടെ അച്ഛൻ കൃഷ്‌ണപ്പ പൊലീസിൽ പരാതി നൽകിയത്. മകളെ കാണാനില്ലെന്നു പറഞ്ഞാണ് പൊലീസിൽ പരാതി നൽകിയത്. ബി.കോം വിദ്യാർഥിനിയാണ് ഹേമലത.
Read Also: ശബരിമല തീർത്ഥാടനം: അറിയാം നിയന്ത്രണങ്ങളും ക്രമീകരണങ്ങളും
പരാതി നൽകി മണിക്കൂറുകൾ കഴിയുംമുൻപ് കൃഷ്‌ണപ്പയുടെ സഹോദരന്റെ മേൽനോട്ടത്തിലുള്ള ഫാമിൽ മൃതദേഹം കണ്ടെത്തി. ഒക്‌ടോബർ എട്ടിനാണ് കൃഷ്‌ണപ്പയും മറ്റു പ്രതികളും ചേർന്ന് ഹേമലതയെ കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ശേഷം മൃതദേഹം ഫാമിൽ കുഴിച്ചിട്ടു. കൊലപാതകം നടത്തിയ ശേഷം കൃഷ്‌ണപ്പ പൊലീസിൽ പരാതി നൽകി. മകളെ കാണാനില്ലെന്നാണ് കൃഷ്‌ണപ്പ പരാതി നൽകിയത്.
ഹേമലതയുടെ ഒരു ബന്ധു ഇതേസമയം മറ്റൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തി. ഹേമലതയെ പുനീത് എന്ന യുവാവും മറ്റുള്ളവരും ചേർന്ന് കൂട്ടബലാത്സംഗം നടത്തിയെന്നായിരുന്നു പ്രചാരണം.
പെൺകുട്ടിയെ കാണാതായി 24 മണിക്കൂറിന് ശേഷമാണ് കൃഷ്ണപ്പ പരാതി നൽകിയതെന്നും ഇത് സംശയത്തിനു ഇടയാക്കിയെന്നും പൊലീസ് പറയുന്നു.