ഗൗരി ലങ്കേഷ് വധക്കേസ്: ‘പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്’; അന്വേഷണം തൃപ്തികരമെന്ന് കർണാടക സർക്കാർ

അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തൃപ്തികരമെന്ന് കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടർമാർ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ  ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഗൗരിയെ പിന്തുടരുന്ന മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്‍റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അക്രമികൾ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം.

ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന് നേരെ അക്രമികള്‍ നിറയൊഴിച്ചത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി.ലങ്കേഷിന്റെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka home minister on gauri lankesh murder case

Next Story
11 പേരെ വിവാഹം കഴിച്ച് മുങ്ങിയ തായ് സുന്ദരിJariyaporn Buayai
The moderation of comments is automated and not cleared manually by malayalam.indianexpress.com