scorecardresearch

ഹിജാബ് വിവാദം: പരിഹാരമുണ്ടാകുന്നതുവരെ മതപരമായ വസ്തുക്കള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

ഹര്‍ജികള്‍ തുടര്‍വാദത്തിനായി പതിനാലിലേക്കു മാറ്റിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി

Karnataka hijab controversy, Karnataka High Court, Hijab ban Muslim students

ബെംഗളുരു: ഹിജാബ് വിലക്ക് വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ പ്രകോപനത്തിനു കാരണമാകുന്ന മതപരമായ വസ്തുക്കള്‍ ധരിക്കരുതെന്നു കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ തുടര്‍വാദത്തിനായി പതിനാലിലേക്കു മാറ്റിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് കഴിഞ്ഞദിവസം വിശാല ബഞ്ചിനു വിടുകയായിരുന്നു.

വിഷയം എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതുവരെ സമാധാനവും സമാധാനവും നിലനില്‍ക്കണമെന്നും കോടതി പറഞ്ഞു. ”ഞങ്ങള്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കും. സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍ ആരംഭിക്കട്ടെ. വിഷയം പരിഹരിക്കപ്പെടുന്നതുവരെ, ഒരു വിദ്യാര്‍ത്ഥിയും മതപരമായ വസ്തുക്കള്‍ ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുത്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതിനിടെ, ഹര്‍ജികള്‍ ഹൈക്കോടതിയില്‍നിന്നു വിളിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഹര്‍ജികള്‍ ആദ്യം കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിയെ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു.

Also Read: ഭാവിയിൽ കാവി പതാക ത്രിവർണ പതാകയ്ക്ക് പകരമായേക്കുമെന്ന് കർണാടക മന്ത്രി

”ദയവായി കാത്തിരിക്കൂ. ഹൈക്കോടതി അത് കേള്‍ക്കട്ടെ. ഞങ്ങള്‍ ഇടപെടണമെന്ന ആവശ്യം വളരെ നേരത്തെയുള്ളതാണ്. ഒന്നോ രണ്ടോ ദിവസം കാത്തിരിക്കൂ,” ഹര്‍ജികള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ചീഫ് ജസ്റ്റിസ്. കര്‍ണാടക ഉഡുപ്പി കുന്ദാപുരയിലെ ഗവ. പ്രീ-യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.

സുപ്രീം കോടതിയുടെ 2018ലെ ശബരിമല വിധിയില്‍നിന്ന് ഉയരുന്ന നിയമപരമായ ചോദ്യങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബഞ്ചിലേക്ക് വിഷയം മാറ്റണമെന്നായിരുന്നു സിബലിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഇന്നുച്ചയോടെ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച് വിഷയം പരിഗണിക്കുന്നുണ്ടെന്നും അതിനും സമയം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് കോടതി വിധിക്കായി കാത്തിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച സര്‍ക്കാര്‍ ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ബെംഗളുരുവില്‍ സ്‌കൂളുകള്‍, പ്രീ-യൂണിവേഴ്സിറ്റി കോളേജുകള്‍, ബിരുദ കോളജുകള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒത്തുചേരലുകള്‍, പ്രക്ഷോഭങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ പൊലീസ് നിരോധിച്ചിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണു നിരോധനം.

Also Read: ഹിജാബ് വിലക്കും മത, വസ്ത്രധാരണ സ്വാതന്ത്ര്യവും: മുന്‍ കോടതി വിധികളെന്ത്?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka hijab row protests high court hearing