/indian-express-malayalam/media/media_files/uploads/2022/02/Karnataka-HC.jpg)
ബെംഗളുരു: കോളജില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ വിശദമായ വാദത്തിനായി കര്‍ണാടക ഹൈക്കോടതി നാളത്തേക്കു മാറ്റി. ഭരണഘടനയുടെ അനുച്‌ഛേദം 25 (1), (2) എന്നിവ സംബന്ധിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്തിന്റെ വാദം കേട്ട ശേഷമാണു വിശാല ബഞ്ച് ഇന്നത്തെ വാദം അവസാനിപ്പിച്ചത്.
കാതലായ മതപരമായ ആചാരങ്ങള്‍ പൊതുക്രമത്തിന് ഹാനികരമോ വിരുദ്ധമോ ആണെങ്കില്‍ അനുച്‌ഛേദം 25 (1) പ്രകാരം അവയെ നിയന്ത്രിക്കാമെന്ന് കാമത്ത് വാദിച്ചു. ഖുറാനില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അനിവാര്യമായ മതപരമായ അനുഷ്ഠാനങ്ങളാണോയെന്നു ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, അഭിഭാഷകന്‍ ദേവദത്ത് കാമത്തിനോട് ചോദിച്ചു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാതെയായിരുന്നു കാമത്തിന്റെ മറുപടി.
കാതലായ മതപരമായ ആചാരങ്ങളെ സംബന്ധിച്ചിടത്തോളം അവ അനുച്‌ഛേദം 25(1) നെ അടിസ്ഥാനമാക്കിയാണെന്നും അത് ഉപാധിയില്ലാത്തത് അല്ലെന്നും അദ്ദേഹം പറഞ്ഞു. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ ആചാരമാണെന്നു ഹർജിക്കാർ വാദിച്ചു. കേസില്‍ നാളെ ഉച്ചയ്ക്കു 2.30നു കോടതി വീണ്ടും വാദം കേള്‍ക്കാന്‍ തുടങ്ങും.
കേസ് നേരത്തെ സിംഗിൾ ബഞ്ച്, ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന വിശാല ബഞ്ചിനു വിടുകയായിരുന്നു. തുടർന്ന്, യൂണിഫോം നിര്‍ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ വിധി വരുന്നതുവരെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വിശാല ബഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം, അഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷം, കര്‍ണാടകയില്‍ പത്താം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നു. സംസ്ഥാനത്ത് കോളജുകള്‍ക്കു 16 വരെ അവധിയാണ്.
ഉഡുപ്പി ജില്ലയില്‍ എല്ലാ സ്‌കൂളുകളിലും സാധാരണ ഹാജര്‍ നിലയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഹിജാബ് ധരിച്ച് സ്‌കൂള്‍ കാമ്പസിലെത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവ നീക്കം ചെയ്തു. മാണ്ഡ്യയിലെ റോട്ടറി എജ്യുക്കേഷണല്‍ സൊസൈറ്റി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഹിജാബ് അഴിച്ചുമാറ്റിയാണ് പ്രവേശിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഉഡുപ്പിയിലും മംഗലാപുരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഹിജാബ് വിലക്കിനെതിരെ നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു പ്രതിഷേധം. വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ പങ്ക് ആരോപിച്ചും സാമൂഹിക പരിഷ്‌കര്‍ത്താവ് നാരായണ ഗുരുവിന്റെ ടാബ്ലോയ്ക്കു റിപ്പബ്ലിക് ദിന പരേഡില്‍ അനുമതി നിഷേധിച്ചതിനെതിരെയുമായിരുന്നു പ്രതിഷേധം.
കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കുമെന്ന് അവകാശപ്പെട്ട ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കെതിരെ ഉടന്‍ നടപടിയും ക്രിമിനല്‍ കേസുമെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
''ഞങ്ങള്‍ കറുത്ത ബാന്‍ഡ് അണിഞ്ഞ് പ്രതിഷേധിക്കുന്നു. കാരണം ഹിജാബ് വിഷയം അവരുടെ (ബിജെപി സര്‍ക്കാര്‍) സൃഷ്ടിയാണ്, അവരാണ് വിദ്യാര്‍ത്ഥികളെ (കോളജുകളിലേക്ക്) കാവി ഷാളുകളുമായി അയച്ചത്. ഞങ്ങള്‍ അത് പറയുന്നില്ല, അവര്‍ അത് സമ്മതിച്ചു, ഈശ്വരപ്പ (മന്ത്രി ) സമ്മതിച്ചു,'' പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.