scorecardresearch

ഹിജാബ് നിരോധനം: 23 ഹര്‍ജികള്‍ സുപ്രീം കോടതി ഏഴിന് വീണ്ടും പരിഗണിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതു നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണു ഹർജികൾ

ഹിജാബ് നിരോധനം: 23 ഹര്‍ജികള്‍ സുപ്രീം കോടതി ഏഴിന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള 23 ഹരജികള്‍ സുപ്രീം കോടതി ഏഴിനു വീണ്ടും പരിഗണിക്കും. ഇന്നു പരിഗണിച്ച ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബഞ്ച് മാറ്റുകയായിരുന്നുവെന്നു ബാര്‍ ആന്‍ഡ് ബെഞ്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കാമ്പസുകളില്‍ ഹിജാബ് ധരിക്കുന്നതിനു നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കോളജുകളിലെ വികസന സമിതികള്‍ക്ക് അധികാരം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണു ഹര്‍ജികള്‍.

കോടതി ചേര്‍ന്നയുടന്‍ മുഴുവന്‍ രേഖകളും ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയോട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കുശേഷമാണ് തന്റെ ഹര്‍ജി ആദ്യമായി സമര്‍പ്പിച്ചതെന്നും അതില്‍ മുഴുവന്‍ രേഖകളുമുണ്ടെന്നും ഹെഗ്ഡെ പ്രതികരിച്ചു.

വളര്‍ച്ചയെത്തിയ ഒരു സ്ത്രീയോട് അന്തസിനെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടില്‍ അവള്‍ക്ക് നിയന്ത്രണമില്ലെന്ന് പറയാനാവുമോയെന്നു ഹിജാബ് ധരിക്കാനുള്ള അവകാശം ഉറപ്പിച്ചുകൊണ്ട് അപ്പീല്‍ നല്‍കിയവര്‍ക്കുവേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ വാദിച്ചു. എന്നാല്‍ ‘ഇതൊരു മതപരമായ ആചാരമായിരിക്കാം, പക്ഷേ യൂണിഫോം നിര്‍ദേശിച്ചിരിക്കുന്ന സ്‌കൂളിലേക്ക് ഹിജാബ് കൊണ്ടുപോകാമോ?’എന്ന് ജസ്റ്റിസ് ഗുപ്ത ചോദിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഒരു സ്ഥാപനത്തിലെ അച്ചടക്കമാണ് ഏക പ്രശ്‌നമെന്നം അതു പാലിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നു കര്‍ണാടക സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് പറഞ്ഞു. ഹിജാബ് എങ്ങനെയാണ് സ്ഥാപനത്തിന്റെ അച്ചടക്കം ലംഘിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചപ്പോള്‍, ‘മതപരമായ ആചാരങ്ങളുടെ ലംഘനത്തിന്റെ പേര് പറഞ്ഞ് അവര്‍ക്ക് സ്‌കൂള്‍ യൂണിഫോം കോഡ് ലംഘിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.

”ഹിജാബ് ധരിക്കുന്നതിനിരെ ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഞങ്ങള്‍ക്ക് കത്തെഴുതി. ഇതാണ് സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലം. ഏതെങ്കിലുമൊരു യൂണിഫോം നിര്‍ദേശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ യൂണിഫോം നിര്‍ദേശിക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവസരം നല്‍കി. ചില സ്ഥാപനങ്ങള്‍ ഹിജാബ് നിരോധിച്ചു. എന്നാല്‍ വെല്ലുവിളിച്ചിരിക്കുന്നതു സര്‍ക്കാര്‍ ഉത്തരവിനെയാണ്. സര്‍ക്കാര്‍ ഒരു അവകാശവും തടഞ്ഞിട്ടില്ല. സ്ഥാപനങ്ങളുടെ ചട്ടം പിന്തുടരാന്‍ മാത്രമാണു ഞങ്ങള്‍ പറഞ്ഞത്,” സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പി നവദ്ഗി പറഞ്ഞു.

ന്യൂനപക്ഷ സ്ഥാപനമുണ്ടെന്ന് കരുതുക, അവിടെ ഹിജാബ് ഉണ്ടായിരിക്കുമോയെന്ന ജസ്റ്റിസ് സുധാന്‍ഷു ധൂലിയെ ചോദ്യത്തിന് ഉണ്ടാകാമെന്നും തീരുമാനത്തിനുള്ള സ്വാതന്ത്ര്യം സ്ഥാപനത്തിനു വിട്ടതാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ ‘തീരുമാനമെടുക്കുന്നതു കോളജ് വികസന സമിതികള്‍ക്കു വിട്ടിരിക്കുകയാണെന്നും ഹിജാബ് അനുവദിക്കില്ലെന്ന് ഉഡുപ്പി കോളജ് പോലെ ചില സ്ഥാപനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അത് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്സിറ്റി കോളജുകളില്‍ പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ളാമില്‍ അനിവാര്യമായ ആചാരമല്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ഓഗസ്റ്റ് 29 ന് കര്‍ണാടക സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു.

Karnataka hijab ban, Supreme Court, Karnataka hijab row, Karnataka hijab supreme court, supreme court hearing on Karnataka hijab ban, Karnataka hijab controversy, Latest news, Malayalam news, News in Malayalam, Latest news in Malayalam, Indian express malayalam, ie malayalam

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka hijab ban supreme court

Best of Express