scorecardresearch

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണം, സുപ്രീംകോടതിയെ സമീപിച്ച് കർണാടകയിലെ വിദ്യാർഥികൾ

ഹിജാബ് വിലക്കിയുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2022 ഒക്ടോബറിൽ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു

hijab ban, muslim students, ie malayalam

ന്യൂഡൽഹി: ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ഉടൻ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അടുത്ത മാസം ആരംഭിക്കുന്ന വാർഷിക പരീക്ഷകളിൽ ഹിജാബ് ധരിച്ച് പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥിനികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. അവർക്ക് ഒരു വർഷത്തെ പഠനം നഷ്ടമായെന്നും ഉടനടി ഹർജികളിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതായും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഷദൻ ഫറസത് പറഞ്ഞു.

ഹിജാബ് വിലക്കിയുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2022 ഒക്ടോബറിൽ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഹർജികൾ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനുള്ള ബെഞ്ച് ഇതുവരെയും രൂപീകരിച്ചിട്ടില്ല.

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ ഭിന്നവിധി. ഹിജാബ് നിരോധനം ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോൾ ജസ്റ്റിസ് സുധാംഷു ധൂളിയ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവും റദ്ദാക്കി. താൻ ഈ കേസ് പരിഗണിച്ചപ്പോൾ ഏറ്റവും പ്രാധാന്യം നൽകിയത് പെൺകുട്ടികളുടെ വിഭ്യാഭ്യാസ അവകാശത്തിനാണെന്നും വിദ്യാഭ്യാസ കാര്യത്തിൽ ഒരു പെൺകുട്ടി വളരെയധികം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നുവെന്നും ജസ്റ്റിസ് സുധാംഷു അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുമാണ് അപ്പീൽ നൽകിയത്.

ഹിജാബ് ധരിക്കല്‍ ഇസ്‌ലാം മതത്തില്‍ അനിവാര്യമല്ലെന്നും ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka hijab ban students move sc seek permission to give exams wearing headscarves