ബെംഗളുരു: സ്‌കൂള്‍ യൂണിഫോമിന് അനുയോജ്യമായ നിറങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന്് ഹിജാബ് വിലക്കിനെതിരായ ഹര്‍ജിക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിശാല ബഞ്ച് നാളെ വീണ്ടും വാദം കേള്‍ക്കും.
കേസില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു സംഭവം ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പരാമര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണേന്ത്യയില്‍ വേരുകളുള്ള ഹിന്ദു പെണ്‍കുട്ടിക്കു സ്‌കൂളില്‍ മൂക്കുത്തി ധരിക്കാമോ എന്ന വിഷയത്തിലെ ദക്ഷിണാഫ്രിക്കന്‍ കോടതിയുടെ വിധിയാണ് അഭിഭാഷകന്‍ പരാമര്‍ശിച്ചത്.
ഈ കേസ് യൂണിഫോമിനെക്കുറിച്ചല്ലെന്നും നിലവിലെ യൂണിഫോമില്‍ നിന്നുള്ള ഇളവുകളെക്കുറിച്ചാണെന്നും പറയുന്ന വിധി അദ്ദേഹം പരാമര്‍ശിച്ചു. നമ്മുടെ ഭരണഘടന സ്പഷ്ടമായി പ്രഖ്യാപിക്കപ്പെട്ട മതേതരത്വമാണ് പിന്തുടരുന്നത്. അത് തുര്‍ക്കിയിലെ മതേതരത്വത്തെ പോലെയല്ല. അതാണ് നിഷേധാത്മക മതേതരത്വം. എല്ലാവരുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതം ആചരിക്കാനുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതു സംബന്ധിച്ചായിരുന്നു ദേവദത്ത് കാമത്തിന്റെ വാദം. ഉഡുപ്പി കുന്ദാപുര കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്.
സിംഗിള്‍ ബഞ്ചിനു മുന്നിലെത്തിയ കേസ്, നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബഞ്ചിനു വിടുകയായിരുന്നു. തുടര്‍ന്ന്, കര്‍ണാടകയിലെ യൂണിഫോം നിര്‍ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ വിധി വരുന്നതുവരെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വിശാല ബഞ്ച് വ്യക്തമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ തുറക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. കോളജുകള്‍ നാളെ തുറക്കും.
അതിനിടെ, ശിവമോഗയിലെ ഒരു സ്‌കൂളില്‍, ഹിജാബ് ആദ്യം അഴിക്കണമെന്ന അധികൃതരുടെ ആവശ്യം വിസമ്മതിച്ച പെണ്‍കുട്ടി പരീക്ഷ ബഹിഷ്‌കരിച്ചു. ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ മറ്റൊരു വിദ്യാര്‍ത്ഥി സ്‌കൂള്‍ ബാഗില്‍നിന്ന് കാവി തലപ്പാവ് പുറത്തെടുത്തു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥി അത് തിരികെ വച്ചു. സ്ഥിതിഗതികള്‍ മോശമായതോടെ പ്രിന്‍സിപ്പല്‍ സ്‌കൂളിന് അവധി നല്‍കി.
ചിക്കമംഗളൂരു നഗരത്തിലെ മറ്റൊരു സ്ഥാപനത്തിലും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. തുമകൂരു എസ്വിഎസ് സ്‌കൂളില്‍, ഹിജാബ് ധരിച്ച പെണ്‍കുട്ടികളളെ തിരിച്ചയച്ചു. തുടര്‍ദന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടി. പൊലീസ് എത്തി കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളില്‍നിന്ന് പുറത്താക്കുകയായിരുന്നു.
കോടതി വിധിക്കുശേഷം മാത്രമേ മരുമകളെ സ്‌കൂളിലേക്ക് അയയ്ക്കൂയെന്ന് കുടക് ജില്ലയിലെ നെല്ലിഹുഡിക്കേരിയിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു. വിദ്യാഭ്യാസം പ്രധാനമാണ്, എന്നാല്‍ ഹിജാബ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. കോടതി ഉത്തരവ് സംബന്ധിച്ച ‘ആശയക്കുഴപ്പത്തിലും വ്യാഖ്യാനത്തിലും’ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എയും നിയമസഭയിലെ ഉപനേതാവുമായ യു ടി ഖാദറിനു നിയമ മന്ത്രി ജെസി മധുസ്വാമിയാണ് ഈ മറുപടി നല്‍കിയത്.