ബെംഗളൂരു: പൗരത്വ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ എല്ലാ പ്രതിഷേധവും നിരോധിക്കാന്‍ പോവുകയാണോയെന്നു ചോദിച്ച കോടതി നിരോധന ഉത്തരവുകളുടെ നിയമസാധുത പരിശോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഡിസംബര്‍ 19 മുതല്‍ 21 വരെയാണു സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്നു ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക വ്യക്തമാക്കി.
”നിങ്ങള്‍ (സംസ്ഥാനം) എല്ലാ പ്രതിഷേധവും നിരോധിക്കാന്‍ പോവുകയാണോ? കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് മുമ്പ് അനുവദിച്ച അനുമതി നിങ്ങള്‍ക്ക് എങ്ങനെ റദ്ദാക്കാനാകും?,” ചീഫ് ജസ്റ്റിസ് ചോദിച്ചു. സുരക്ഷാ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
”എല്ലാ പ്രതിഷേധവും അക്രമാസക്തമാകുമെന്ന അനുമാനത്തില്‍ ഭരണകൂടത്തിന് തുടരാനാകുമോ? സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താന്‍ കഴിയില്ലേ,” ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രതിഷേധം നടത്താന്‍ പൊലീസ് ആദ്യം അനുമതി നല്‍കിയിരുന്നോയെന്നു പരിശോധിക്കാന്‍ കര്‍ണാടക ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു വൈകീട്ട് നാലിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണു എജിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
സമാധാനപരമായ പ്രതിഷേധത്തിനു നല്‍കിയ അനുമതി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരു, മംഗളൂരു നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മംഗളൂരുവില്‍ രാത്രിയില്‍ ഇന്നലെ പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ബെംഗളുരുവില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ശിവാജിനഗറില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് എന്നിവരുള്‍പ്പെടെ നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.