ബെംഗളുരു: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കുന്നതു വിലക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനാവര്യമായ ആചാരമല്ലെന്നു കോടതി വ്യക്തമാക്കി.
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരുകൂട്ടം മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി. യൂണിഫോം അനുശാസിക്കുന്നത് ന്യായമായ നിയന്ത്രണമാണെന്നു പറഞ്ഞുകൊണ്ടാണ് കോളേജുകളിലെ ഹിജാബ് നിരോധനം കോടതി ശരിവച്ചത്.
ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സമാധാനത്തിനും ഐക്യത്തിനും അഭ്യർത്ഥിച്ചു. ” എല്ലാ വിദ്യാർത്ഥികളും ഹൈക്കോടതി ഉത്തരവ് പാലിക്കണം. ക്ലാസുകളോ പരീക്ഷകളോ ബഹിഷ്കരിക്കരുത്. കോടതി ഉത്തരവുകൾ ഞങ്ങൾക്ക് അനുസരിക്കേണ്ടിവരും. ക്രമസമാധാനം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും, ”ബൊമ്മെ പറഞ്ഞു.
വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്നു മുതല്‍ 21 വരെ പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകളും പ്രതിഷേധങ്ങളും ആഘോഷങ്ങളും നിരോധിച്ചുകൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ വൈകിട്ട് ഹൈക്കോടതി ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലെ മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജൈബുന്നിസ മൊഹിദീന് ഖാസി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് വിധി പറയാന്‍ ഫെബ്രുവരി 25നു മാറ്റുകയായിരുന്നു.
ആദ്യം സിംഗിള്‍ ബഞ്ച് ജസ്റ്റിസ് ദീക്ഷിതാണു കേസ് പരിഗണിച്ചത്. അദ്ദേഹം കേസ് വിശാല ബെഞ്ചിലേക്കു വിടുകയായിരുന്നു. വിശാല ബഞ്ച് ഫെബ്രുവരി 10ന് മുതലാണ് കേസില്‍ വാദം കേട്ടത്.
മതമോ വിശ്വാസമോ പരിഗണിക്കാതെ കാവി ഷാളുകള്‍, സ്കാര്‍ഫ്, ഹിജാബ്, മതപരമായ പതാകകള്‍ എന്നിവ ക്ലാസ് മുറിക്കുള്ളില്‍ ധരിക്കുന്നതില്‍നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും ഫെബ്രുവരി 10നു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ വിശാല ബഞ്ച് വിലക്കിയിരുന്നു. കോളേജ് വികസന സമിതികള്‍ വിദ്യാര്‍ഥികളുടെ ഡ്രസ് കോഡ് അല്ലെങ്കില്‍ യൂണിഫോം നിര്‍ദേശിച്ചിട്ടുള്ള സ്ഥാപനങ്ങളെ ഉദ്ദേശിച്ചായിരുന്നു ഉത്തരവ്.
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതു നിരോധിക്കാമെന്ന കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവിനെ എതിര്‍ത്തുകൊണ്ടാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. മതസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി ഹര്‍ജിക്കാര്‍ വാദിച്ചു.
സര്‍ക്കാര്‍ ഉത്തരവ് നിരുപദ്രവകരമാണെന്നും മതപരമായ വസ്ത്രധാരണം നിരോധിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അതു സ്ഥാപനങ്ങള്‍ക്കു വിടുകയാണെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തരവിലെ ചില ഭാഗങ്ങള്‍ അനാവശ്യമായിരിക്കാമെന്ന് എജി സമ്മതിച്ചു. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

ഇന്നത്തെ ഉത്തരവ് എന്തായാലും വിഷയം സുപ്രീം കോടതിയിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജിയുടെ അടിയന്തര ലിസ്റ്റിങ് അനുവദിക്കാന്‍ സുപ്രീം കോടതി ഫെബ്രുവരി 11 നു വിസമ്മതിച്ചിരുന്നു. വിവാദം ‘വലിയ തലങ്ങളിലേക്ക്’ വ്യാപിപ്പിക്കരുതെന്ന് ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
പരിശോധിക്കേണ്ട നിയമപ്രശ്നങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ വിഷയം പരിഗണിക്കണമെന്ന് അഭിഭാഷകന് ദേവദത്ത് കാമത്ത് കോടതിയെ ആവശ്യപ്പെട്ടപ്പോള്‍, ”തീര്‍ച്ചയായും ഞങ്ങള്‍ പരിശോധിക്കും, എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സംരക്ഷിക്കും. എല്ലാവരുടെയും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കും. ഉചിതമായ സമയത്ത് തീര്‍ച്ചയായും ഞങ്ങള്‍ ഇടപെടും,” എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കിയത്.
കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകള്‍ (11, 12 ക്ലാസുകള്‍) ഏപ്രിലിലും നടക്കാനിരിക്കുന്നതിനാല്‍ പ്രശ്നം വേഗത്തിലും ശാന്തമായും പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും.