ബെംഗളുരു: വിപ്രോ സ്ഥാപക ചെയര്മാന് അസിം പ്രേംജിക്കെതിരെ ഒരേ കാരണത്തിന് ഒന്നിലധികം ഹര്‍ജികള്‍ നല്കിയ രണ്ട് അഭിഭാഷകരെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച് കര്‍ണാടക ഹൈക്കോടതി. ‘ഇന്ത്യ എവെയ്ക്ക് ഫോര്‍ ട്രാന്‍സ്പരന്‍സി’ എന്ന എന്‍ജിഒയെ പ്രതിനിധീകരിച്ച ആര് സുബ്രഹ്മണ്യന്, പി സദാനന്ദ് എന്നീ അഭിഭാഷകരെയാണു ശിക്ഷിച്ചത്.
സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു പ്രേംജിക്കെതിരായ കേസ്. കോടതിയലക്ഷ്യ നിയമത്തിലെ 12 (1) വകുപ്പ് പ്രകാരം രണ്ടു മാസം തടവിനും 2,000 രൂപ പിഴയ്ക്കുമാണ് അഭിഭാഷകരെ ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ബി വീരപ്പ, കെ എസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണു വിധി.
പരാതിക്കാര്‍ക്കും അവരുടെ കമ്പനികള്‍ക്കുമെതിരെ ഏതെങ്കിലും കോടതിയിലോ ഏതെങ്കിലും നിയമപരമായ അതോറിറ്റിക്കോ മുമ്പാകെ നിയമനടപടികള്‍ ആരംഭിക്കുന്നതില്‍നിന്ന് കുറ്റാരോപിതരെ കോടതി വിലക്കി.
Also Read: കോവിഡ്: മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി
ഇരു അഭിഭാഷകര്‍ക്കുമെതിരെ കോടതി ഡിസംബര്‍ 23നാണു കുറ്റം ചുമത്തിയത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കാനായി ജനുവരി ഏഴിനു കേസ് മാറ്റിവയ്ക്കുകയായിരുന്നു.
”ഒരേ കാരണത്താലുള്ള എല്ലാ റിട്ട് ഹര്‍ജികളും തള്ളിക്കളഞ്ഞിട്ടും, കോടതി ഉത്തരവ് പ്രകാരമുള്ള മുന്നറിയിപ്പും നിരോധനവും അവഗണിച്ച് നിങ്ങള്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്യുകയും നടപടികള്‍ തുടരുകയും ചെയ്തു. ഒന്നോ അതിലധികമോ നിസാരമായ ഹര്‍ജികള്‍ ഫയല്‍ ചെയ്തുകൊണ്ട് നിങ്ങള്‍ ജുഡീഷ്യല്‍ പ്രക്രിയയെ പരിഹസിച്ചു. ഇത് പൊതുജനങ്ങളുടെ താല്‍പ്പര്യത്തെ മൊത്തത്തില്‍ ബാധിക്കുക മാത്രമല്ല, വിവിധ കോടതി വേദികളെ ദുരുപയോഗം ചെയ്തുകൊണ്ട് നീതിനിര്‍വഹണത്തില്‍ ഇടപെടുകയും ചെയ്യുന്നതാണ്. നീതിന്യായ വ്യവസ്ഥയുടെ സമയം പാഴാക്കുകയും നിയമപ്രക്രിയ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഇത് 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ 2(സി) വകുപ്പുകളുടെ അര്‍ത്ഥത്തില്‍ പന്ത്രണ്ടാം വകുപ്പുപ്രകാരമുള്ള ക്രിമിനല്‍ കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണ്,” എന്ന് ഡിസംബര്‍ 23നു പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു.
ഒരേ കാരണത്തിന് ഒന്നിലധികം ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ‘ഇന്ത്യ എവെയ്ക്ക് ഫോര്‍ ട്രാന്‍സ്പരന്‍സി’ക്കു 10 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി പിഴ ചുമത്തിയിരുന്നു. അസിം പ്രേംജിക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ഹര്‍ജികള്‍.