ഹസ്സന്‍: എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്ലുവൻസ ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ആളൂര്‍ താലൂക്കിലെ 82 കാരനായ ഹിരേ ഗൗഡ മാര്‍ച്ച് ഒന്നിന് എച്ച്3എന്‍2 വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഹിരേ ഗൗഡയെ ഫെബ്രുവരി 24 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാര്‍ച്ച് ഒന്നിന് മരിക്കുകയും ചെയ്തതായാണ് അധികൃതര്‍ അറിയിച്ചത്. എച്ച് 3 എന്‍ 2 മൂലമുണ്ടാകുന്ന അണുബാധ സ്ഥിരീകരിക്കുന്ന ലാബ് റിപ്പോര്‍ട്ടുകള്‍ ഹിരേ ഗൗഡയുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 3 നാണ് ലഭിച്ചത്.
”ഫെബ്രുവരി 24 ന് ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹിരേ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകള്‍ എച്ച്3എന്‍2 സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ടി ശേഖരിച്ചു. മാര്‍ച്ച് ഒന്നിന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 3 ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു, ഇതിൽ അദ്ദേഹത്തിന് എച്ച്3എന്‍2 ആണെന്ന് സ്ഥിരീകരിച്ചു,” ഹസ്സൻ ജില്ലയിലെ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഈരഗൗഡ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മരിച്ച വ്യക്തിയുടെ വീടിന് സമീപമുള്ള താമസക്കാരെയും ഞങ്ങള്‍ പരിശോധിച്ചു. എച്ച്3എന്‍2ന്റെ കൂടുതല്‍ കേസുകളൊന്നും ഞങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ഞങ്ങള്‍ ഇപ്പോള്‍ സ്ഥിരമായ നിരീക്ഷണത്തിലാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
മാര്‍ച്ച് ആറിന് കര്‍ണാടക ആരോഗ്യമന്ത്രി കെ.സുധാകര്‍ എച്ച് 3 എന്‍ 2 വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വര്‍ദ്ധിച്ചുവരുന്ന എച്ച് 3 എന്‍ 2 കേസുകള്‍ കണക്കിലെടുത്ത്, അണുബാധയുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര്‍ച്ച് 6 ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രോഗനിര്‍ണ്ണയത്തിനായി ഉചിതമായ സാമ്പിള്‍ ശേഖരണത്തോടൊപ്പം ഇന്‍ഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ക്കോ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കോ വേണ്ടി പതിവായി ILI/SARI നിരീക്ഷണം നടത്താന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആരോഗ്യ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ മരുന്നുകളുടെയും മതിയായ സ്റ്റോക്ക് ഡിഎച്ച്ഒമാര്‍ ഉറപ്പാക്കണമെന്ന് കര്‍ണാടക ഹെല്‍ത്ത് കമ്മീഷണര്‍ രണ്‍ദീപ് ഡി ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു.