യെഡിയൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പ്രോടെം സ്‌പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

കെ.ജി.ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല നിയമിച്ചതിനെതിരായ കോണ്‍ഗ്രസ് ഹര്‍ജി 10.30ന് പരിഗണിക്കും

ബെംഗളൂരു: കർണാടകയില്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയില്‍. പ്രോടെം സ്‌പീക്കറായി ബിജെപി എംഎല്‍എയും മുന്‍ സ്‌പീക്കറുമായ കെ.ജി.ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല നിയമിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. രാവിലെ 10.30ന് കോണ്‍ഗ്രസ് ഹര്‍ജി കോടതി പരിഗണിക്കും. വൈകിട്ട് നാല് മണിക്കാണ് കർണാടക വിധാന്‍ സൗധയില്‍ വോട്ടെടുപ്പ് നടക്കുക.

2010ല്‍ സ്‌പീക്കറായിരിക്കെ യെഡിയൂരപ്പയ്ക്കെതിരെ ശബ്ദിച്ച 11 ബിജെപി എംഎല്‍എമാരെ അയോഗ്യനാക്കി വിവാദം സൃഷ്ടിച്ചയാളാണ് ബൊപ്പയ്യയെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വിശ്വാസ വോട്ടെടുപ്പിന് മുമ്പുളള ഈ അയോഗ്യമാക്കല്‍ നടപടിയാണ് യെഡിയൂരപ്പ സര്‍ക്കാരിന്റെ അതിജീവനത്തിലേക്ക് നയിച്ചത്. ഈ നടപടി ഹൈക്കോടതി തടഞ്ഞെങ്കിലും സുപ്രീം കോടതി ശരിവയ്‌ക്കുകയായിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരിക്കണം പ്രോടെം സ്‌പീക്കറെന്ന ചട്ടം ലംഘിച്ചാണ് ബൊപ്പയ്യയെ നിയമിച്ചതെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആരോപിച്ചു.

വോട്ടെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയുടെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 221 അംഗങ്ങളുള്ള സഭയില്‍ 111 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അധികാരമേറ്റ് 56 മണിക്കൂറിനുള്ളില്‍ ബി.എസ്.യെഡിയൂരപ്പക്ക് പുറത്തേക്ക് പോകേണ്ടി വരുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ പതിനൊന്ന് മണിക്ക് വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേകം വിളിച്ച് ചേര്‍ത്ത നിയമസഭ സമ്മേളനം ആരംഭിക്കും. പ്രോടെം സ്‌പീക്കര്‍ക്ക് മുന്നില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. ഉച്ചക്ക് ശേഷം മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ സഭയില്‍ വിശ്വാസം തേടിയുള്ള പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് പ്രമേയത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും എതിര്‍ത്ത് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കളും സംസാരിക്കും.

തുടര്‍ന്നായിരിക്കും വോട്ടെടുപ്പിലേക്ക് കടക്കുക. രഹസ്യ ബാലറ്റ് വോട്ടെടുപ്പിന് ഉപയോഗിക്കരുതെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മറ്റേത് രീതികള്‍ വോട്ടെടുപ്പിന് ഉപയോഗിക്കണമെന്ന കാര്യത്തില്‍ പ്രോടെം സ്‌പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

221 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണയാണ്. എന്നാല്‍ ഏതെങ്കിലും അംഗങ്ങള്‍ രാജിവയ്‌ക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ ചെയ്താല്‍, വോട്ട് ചെയ്ത അംഗങ്ങളുടെ പകുതിയിലധികം പേരുടെ പിന്തുണ മതിയാകും. നിലവില്‍ യെഡിയൂരപ്പയെ പിന്തുണക്കാനുള്ളത് 104 അംഗങ്ങളാണ്. വിശ്വാസ വോട്ടെടുപ്പിനെ എതിര്‍ക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് രണ്ട് സ്വതന്ത്രരുള്‍പ്പെടെ 117 പേരുടെ പിന്തുണയുണ്ട്. ഇവരില്‍ 7 പേര്‍ ക്രോസ് വോട്ട് ചെയ്യുകയോ, 14 പേര്‍ മാറി നില്‍ക്കുകയോ രാജിവയ്‌ക്കുകയോ ചെയ്താലും യെഡിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കും. നിലവില്‍ രണ്ട് അംഗങ്ങളാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കൂറുമാറാന്‍ സാധ്യതയുള്ളത്. കൂടുതല്‍ അംഗങ്ങള്‍ കൂറുമാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka govt formation ex speaker who once saved bs yeddyurappa to conduct floor test congress goes to sc

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com