scorecardresearch
Latest News

കർണാടക മുഖ്യമന്ത്രി: സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ക്ഷണമില്ലെന്ന് ശിവകുമാർ

സിദ്ധരാമയ്യയും ഇന്നു ഡൽഹിക്ക് പോകുന്നുണ്ട്. അതേസമയം, ഡൽഹിയിലേക്ക് പോകാൻ ആവശ്യപ്പെട്ട് തനിക്ക് കോളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്

karnataka, congress, ie malayalam
എക്സ്പ്രസ് ഫൊട്ടോ: എം.ജിതേന്ദ്ര

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. കർണാടക മുഖ്യമന്ത്രി പദത്തിലെത്തുന്നത് ഡി.കെ.ശിവകുമാറോ അതോ സിദ്ധരാമയ്യയോ എന്നറിയാൻ മേയ് 18 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ വരെ കാത്തിരിക്കണമെന്ന് ഒരു കോൺഗ്രസ് വക്താവ് പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി തിരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർത്ഥികളുമായി വ്യക്തിപരമായി സംസാരിക്കാൻ കോൺഗ്രസ് മൂന്ന് കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. എംഎൽഎമാരുമായി സംസാരിച്ചശേഷം കോൺഗ്രസ് നിയോഗിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, മുൻ എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ എന്നിവർ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി ആരാകണമെന്ന ഭൂരിപക്ഷ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് അവർ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുനൻ ഖാർഗെയ്ക്ക് ഇന്നു തന്നെ കൈമാറാനാണ് സാധ്യത.

സിദ്ധരാമയ്യയും ഇന്നു ഡൽഹിക്ക് പോകുന്നുണ്ട്. അതേസമയം, ഡൽഹിയിലേക്ക് പോകാൻ ആവശ്യപ്പെട്ട് തനിക്ക് കോളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്. അടുത്ത മുഖ്യമന്ത്രിയായി ശിവകുമാർ എത്തുമോയെന്ന് ചോദ്യത്തിന്, എനിക്കറിയില്ല. എനിക്ക് തന്ന ജോലി ഞാൻ ഭംഗിയായി ചെയ്തിട്ടുണ്ട്. ഞങ്ങളൊരു ഒറ്റവരി പ്രമേയം ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കുന്നത് ശുഭകരമായ സമയത്തായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹൈക്കമാൻഡ് തന്നോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടതായുള്ള അഭ്യൂഹങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”എനിക്ക് ഇതുവരെ ഒരു കോളും ലഭിച്ചിട്ടില്ല. നമുക്ക് നോക്കാം,” അദ്ദേഹം പറഞ്ഞു.

കർണാടകയിൽ മുഖ്യമന്ത്രി പദം പങ്കിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ.ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായാണ് വിവരം. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്.

കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka govt formation congress to decide on cm