ബെംഗളൂരു: ദേശീയ ഗാനം ആലപിക്കുന്നതിനിടെ വേദിയിൽ നിന്ന് കർണാടക ഗവർണർ വാജുഭായ് വാല ഇറങ്ങിപ്പോയ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കര്‍ണാടകത്തിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്  ദേശീയ ഗാനത്തെ അപമാനിക്കുന്ന വിധത്തിലായിരുന്ന ഗവര്‍ണറുടെ പ്രവൃത്തി സോഷ്യല്‍ മീഡിയ കുത്തിപൊക്കിയത്.

വേദിയിലുണ്ടായിരുന്ന ഗവര്‍ണര്‍ ദേശീയഗാനത്തെ കൂസാതെ താഴേക്ക് ഇറങ്ങി നടന്നു പോകുന്നതാണ് വീഡിയോ.  ആദ്യം പകച്ചുനിന്ന അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തിന് പിന്നാലെ പോയി.  അബദ്ധം തിരിച്ചറിഞ്ഞ ഗവര്‍ണര്‍ ദേശീയഗാനം നടക്കുമ്പോള്‍ തന്നെ തിരിച്ച് സ്റ്റേജിലേക്ക് മടങ്ങുകയും ഒടുവില്‍ അറ്റന്‍ഷനായി നില്‍ക്കുകയുമായിരുന്നു.

വേദിയിലും സദസിലും മുഴുവൻ ആളുകളും ഈ സമയത്ത് എഴുന്നേറ്റ് നിന്ന് ദേശീയ ഗാനത്തോടുളള ആദരവ് പ്രകടിപ്പിച്ചപ്പോഴാണ് ഗവർണറുടെ ഇറങ്ങിപ്പോക്ക്.

ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വാജുഭായ് വാല 1971 മുതല്‍ ജനസംഘം പ്രവര്‍ത്തകനായിരുന്നു. ബിജെപി ടിക്കറ്റില്‍ ദീര്‍ഘകാലം ഗുജറാത്ത് നിയമസഭാംഗവും വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തപ്പോള്‍ രാജ്കോട്ട്-2 എന്ന തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത ചരിത്രവുമുണ്ട് ഈ എണ്‍പതുകാരന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ