ബെംഗളുരു: മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അനുവദനീയമായ കുറഞ്ഞ പ്രായം 21ല്‍ നിന്ന് 18 ആയി കുറയ്ക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് പ്രതികരണം തേടി.
‘കര്‍ണാടക എക്‌സൈസ് (ലൈസന്‍സുകളുടെ പൊതുവ്യവസ്ഥകള്‍) (ഭേദഗതി) ചട്ടങ്ങള്‍-2023’ എന്ന പേരില്‍ സര്‍ക്കാര്‍ കരട് വിജ്ഞാപനം കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചു. ഇതിന്മേല്‍ 30 ദിവസത്തിനകം നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.
മദ്യം വാങ്ങാനും ഉപയോഗിക്കാനും നിയമപരമായി അനുവദനീയമായ പ്രായത്തെക്കുറിച്ചുള്ള അവ്യക്തത അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചാണു കരട് വിജ്ഞാപനമെന്നു പ്രായം കുറയ്ക്കാനുള്ള നിര്‍ദേശത്തെ ന്യായീകരിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മദ്യപാനത്തിനുള്ള നിയമപരമായ പ്രായം കുറയ്ക്കണമെന്നു മദ്യവ്യവസായക്കാര്‍ മദ്യവ്യവസായക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
18 വയസില്‍ ഒരാള്‍ക്കു വോട്ട് ചെയ്യാന്‍ കഴിയുമ്പോള്‍, അവര്‍ക്ക് എന്തുകൊണ്ട് മദ്യം വാങ്ങി ഉപയോഗിക്കാന്‍ കഴിയില്ലെന്നു മറ്റൊരു ഉദ്യോഗസ്ഥന്‍ ചോദിച്ചു.
മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പതിനെട്ടായി സിക്കിം, ഗോവ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം കുറച്ചിട്ടുണ്ട്. എന്നാല്‍ കേരളമാവട്ടെ, മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21ല്‍ നിന്ന് 23 ആയി ഉയര്‍ത്തുകയായിരുന്നു.
2021-22ല്‍ 2,63,777 കോടി രൂപയാണു മദ്യത്തില്‍നിന്ന് കര്‍ണാടക സര്‍ക്കാരിനു ലഭിച്ച വരുമാനം.