ബംഗലൂരു: കർണ്ണാടകത്തിലെ കർഷിക വായ്‌പകൾ എഴുതിത്തള്ളുമെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരമായ്യ. 50,000 രൂപവരെയുള്ള കാർഷിക വായ്‌പകൾ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 8,165 കോടി രൂപയുടെ കാർഷിക വായ്പകളാണ് എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 20 വരെയുള്ള വായ്പകളാണ് എഴുതി തള്ളുന്നത്. കർഷക വായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടികളും സ്വാഗതം ചെയ്തു.

വായ്പകൾ എഴുതി തള്ളുന്നതുമൂലം 22 ലക്ഷം കർഷകർക്കാണു പ്രയോജനം ലഭിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കടുത്ത വരൾച്ചയാണ് കർണാടകത്തിൽ അനുഭവപ്പെടുന്നത്. അതിനാൽ കർഷകർക്കു വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ പഞ്ചാബിലും സർക്കാർ അവിടുത്തെ കാർഷിക​ കടങ്ങൾ എഴുതിത്തള്ളിയിരുന്നു.

സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ ശക്തമാ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook