കല്‍ബുര്‍ഗി: രാജസ്ഥാനും ആന്ധ്രപ്രദേശിനും പശ്ചിമബംഗാളിനും പിന്നാലെ പെട്രോളിന് വില കുറച്ച് കര്‍ണാടക സര്‍ക്കാരും. ഇന്ധന വില ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പുതിയ പ്രഖ്യാപനം. നികുതിയില്‍ ഇളവ് വരുത്തി പെട്രോള്‍- ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്‍ബുര്‍ഗിയില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതുക്കിയ ഇന്ധന വില നാളെ മുതല്‍ നിലവില്‍ വരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അടുത്തിടെ പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലിറ്ററിന് ഒരു രൂപയും വീതം കുറച്ചിരുന്നു.

ഓഗസ്റ്റ് 16 മുതല്‍ അനിയന്ത്രിതമായി പെട്രോള്‍ വില കുതിക്കുകയാണ്. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയരുകയും പ്രതിപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാന മൂല്യവര്‍ദ്ധിത നികുതിയും കാരണമാണ് ചില്ലറ വില്‍പന രംഗത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയരാന്‍ കാരണം. പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്‌സൈസ് തീരുവയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook