ബെംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ വാജുഭായ് വാല. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. ഗവർണറുടെ സന്ദേശം സ്പീക്കർ സഭയിൽ വായിച്ചു. വിശ്വാസപ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോട് നിർദേശിച്ചു. സഭാനടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും അയച്ചു.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലംപതിക്കാനാണ് സാധ്യത. മൂന്നു മണിക്ക് ചേരുന്ന സഭയില്‍ പിന്നീട് വിശ്വാസ വോട്ടെടുപ്പ് നടന്നിരുന്നില്ല. വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ അത് ബിജെപിക്ക് നേട്ടമാകും.
സ്പീക്കറുടെ തീരുമാനമായിരിക്കും എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ആദ്യം വിമത എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അതിനു ശേഷം മാത്രം മതി വിശ്വാസ വോട്ടെടുപ്പെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബിജെപി നിലപാടെടുത്തിട്ടുണ്ട്.
Read Also: കോൺഗ്രസ് എംഎൽഎമാർ അതിരു വിടുന്നു; കർണാടകയിൽ രാജി ഭീഷണി മുഴക്കി കുമാരസ്വാമി
കര്‍ണാടക വിധാന്‍ സൗധയിലെ ആകെ അംഗബലം 224 ആണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 113 എംഎല്‍എമാരുടെ പിന്തുണയാണ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 എന്ന നമ്പരിലേക്ക് കുമാരസ്വാമി സര്‍ക്കാരിന് എത്താന്‍ സാധിക്കില്ല. നിലവില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. 15 എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ അംഗബലം 102 ലേക്ക് ചുരുങ്ങും. പ്രതിപക്ഷത്തുള്ള ബിജെപിക്കാകട്ടെ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പിന്നീട് ബിജെപിക്കായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുക.
പക്ഷപാതമില്ലാതെയായിരിക്കും നിയമസഭയില്‍ തീരുമാനമെടുക്കുക എന്നാണ് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ പറയുന്നത്. സത്യസന്ധമായും ഭരണഘടനയ്ക്ക് അനുസൃതമായും തീരുമാനങ്ങളെടുക്കുമെന്നും രമേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാവിലെ സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചു. വിമതരെ കോടതിയിലെത്തിച്ചത് ബിജെപിയാണെന്ന് കുമാരസ്വാമി ആരോപിച്ചു. ബിജെപിയുടെ സഹായത്തോടയാണ് വിമതർ കോടതിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സഖ്യ സർക്കാർ നിലനിൽക്കുമോ എന്നതല്ല പ്രധാന വിഷയം, മറിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുളള ഗൂഢാലോചനയെ കുറിച്ച് ചർച്ച ചെയ്യുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
“I will neither be coerced nor influenced. I’ll be unbiased and impartial. I’ll be fair and judicious. This is my stand,” Karnataka Speaker K R Ramesh Kumar reiterates in Vidhana Soudha. #KarnatakaPoliticalCrisis #KarnatakaTrustVote @IndianExpress
— Ralph Alex Arakal (@ralpharakal) July 18, 2019
കോൺഗ്രസ് – ജനതാദൾ സർക്കാരാണ് വിശ്വാസ വോട്ട് തേടുന്നത്. 16 വിമത എംഎൽഎമാർ രാജിവയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് സർക്കാരിന് വിശ്വാസ വോട്ടിലേക്ക് നീങ്ങേണ്ടി വന്നത്.
അതേസമയം, സർക്കാരിന് ഭൂരിപക്ഷം തെളിയിക്കുക അത്ര എളുപ്പമല്ല. രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. ഇവർ വിധാൻ സൗധയിൽ എത്തില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. കെ.സുധാകർ, ആനന്ദ് സിങ്, റോഷൻ ബെയ്‌ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ല. കോൺഗ്രസിന്റെ നിരന്തര ശ്രമത്തിനൊടുവിൽ തിരിച്ചെത്തിയ രാമലിംഗ റെഡ്ഡി കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാലും ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് സാധിക്കില്ല.