മൈസൂരു: ചിക്കബല്ലാപുരയിലെ വീട്ടില്‍ നിന്നും രേഖ ഇറങ്ങുന്നത് തന്നോട് വിവാഹം കഴിക്കാനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴായിരുന്നു. ഐഎഎസ് നേടുക എന്നതായിരുന്നു രേഖയുടെ ആഗ്രഹം. ആ മോഹത്തിന് വീട്ടുകാര്‍ വിവാഹം വിലങ്ങു തടിയാക്കിയപ്പോള്‍   രേഖ വീടു വിട്ടു ഇറങ്ങി. ഇന്നവള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലത്തിലൂടെ തന്റെ വീട്ടുകാര്‍ക്കും തന്നെ പരിഹസിച്ചവര്‍ക്കുമെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്. 90.3 ശതമാനം മാര്‍ക്കോടെയാണ് രേഖ പന്ത്രണ്ടാം തരം പാസായിരിക്കുന്നത്.

ചിക്കബല്ലാപുരയിലെ ബഗേപ്പള്ളി താലൂക്കിലെ കൊട്ടൊരു ഗ്രാമത്തിലാണ് രേഖയുടെ വീട്. രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസ് പരീക്ഷയില്‍ 74 ശതമാനം മാര്‍ക്കുമായാണ് രേഖ പാസായത്. പിന്നാല വീട്ടുകാരും കുടുംബക്കാരുമെല്ലാം രേഖയോട് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആരംഭിച്ചു. വീട്ടുജോലി ചെയ്തായിരുന്നു രേഖയുടെ അമ്മ കുടുംബം നോക്കിയിരുന്നത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് രേഖ വഴങ്ങിയില്ല. വീടുവിട്ടിറങ്ങി. ബെംഗളൂരുവിലെത്തിയ രേഖ തന്റെ സുഹൃത്തുക്കളിലൊരാളുടെ ഒപ്പം താമസം ആരംഭിക്കുകയും കമ്പ്യൂട്ടര്‍ പഠനം തുടങ്ങുകയും ചെയ്തു.

പഠിക്കാനുള്ള മോഹം വീണ്ടും ശക്തമായതോടെ രേഖ 1098 എന്ന ചൈല്‍ഡ് ലൈനിന്റെ നമ്പറിലേക്ക് വിളിച്ച് തനിക്ക് തുടര്‍ന്ന് പഠിക്കണമെന്നും അതിന് സഹായിക്കണമെന്നും അറിയിച്ചു. പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ ഉദ്യോഗസ്ഥരെത്തി രേഖയെ മധികരെയിലെ സ്പര്‍ശ ട്രസ്റ്റിലേക്ക് മാറ്റി. നേലമംഗളയിലെ ഗവണ്‍മെന്റ് പിയു കോളേജില്‍ സീറ്റും ശരിയായി. പിന്നെയുള്ള രണ്ട് വര്‍ഷം കഠിനാധ്വനത്തിന്റേതായിരുന്നു.

രണ്ട് വര്‍ഷം ഉറക്കമുളച്ച് പഠിച്ചതിന്റെ ഫലം കഴിഞ്ഞ ആഴ്ച ഫലം പുറത്ത് വന്നപ്പോള്‍ രേഖയെ തേടിയെത്തി. 600 ല്‍ 542 മാര്‍ക്കുമായാണ് രേഖ പാസായത്. ഇനി ചരിത്രത്തിലും ഇക്കണോമിക്‌സിലും പൊളിറ്റക്കല്‍ സയന്‍സസിലും ബിരുദം എന്നതാണ് രേഖയ്ക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. രേഖയുടെ നേട്ടത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി സ്പര്‍ശ ട്രസ്റ്റിന്റെ ഭാരവാഹിയായ ആര്‍ ഗോപിനാഥ് പറയുന്നു.

”ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് അച്ഛനെ നഷ്ടപ്പെടുന്നത്. പഠിക്കാനുളള ആഗ്രഹം കൊണ്ടും ശൈവവിവാഹത്തിന് എതിരായതു കൊണ്ടുമാണ് വീടു വിട്ടത്. ഇപ്പോള്‍ എനിക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. എനിക്ക് ആദ്യം വക്കീലാകണം എന്നിട്ട് വേണം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍”രേഖ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook