ബെംഗളൂരു: കുഞ്ഞനുജനെ രക്ഷിക്കാനായി ധൈര്യപൂര്‍വ്വം പശുവിനെ നേരിട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പെണ്‍കുട്ടിയുടെ മനഃസാന്നിധ്യമാണ് തന്‍റെ സഹോദരന്‍റെ ജീവന്‍ രക്ഷപെടുത്തിയത്. വിരണ്ടോടി വന്ന പശു വീട്ടു മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടികളെ ആക്രമിച്ചപ്പോള്‍ എട്ട് വയസ്സുകാരി ജീവന്‍ പണയം വച്ച് കുഞ്ഞനുജനെ രക്ഷിക്കുകയായിരുന്നു.

കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. നാല് വയസ്സുളള സഹോദരനെ ആരതി വീട്ട് മുറ്റത്ത് സൈക്കിള്‍ ചവിട്ടിപ്പിക്കുമ്പോള്‍ നിരത്തിലൂടെ വിരണ്ടോടി വരികയായിരുന്ന പശു കുട്ടികളുടെ അടുത്തേക്ക് ആക്രമിക്കാനായി പാഞ്ഞെത്തുകയായിരുന്നു. ഉടന്‍ തന്നെ ആരതി കുട്ടിയെ കൈയ്യിലെടുത്ത് പശുവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ച് വിടുകയായിരുന്നു.

ആരതി സന്ദര്‍ഭോജിതമായി ഇടപ്പെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അനിയനെ പശുവിന്റെ ആക്രമണത്തില്‍ നിന്ന് സാഹസികമായി രക്ഷിക്കുന്ന കുഞ്ഞു ചേച്ചിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ