ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണര്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവെയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ണാടകയില്‍ ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. ബെംഗളൂരുവിലിരുന്ന് ഡീലുകള്‍ നടപ്പിലാക്കുന്ന കേന്ദ്ര മന്ത്രിമാരും തെറ്റുകാരാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

കള്ളപ്പണവും അഴിമതിക്കാരേയും ക്രിമിനലുകളേയും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയും ഭരണ ഘടനാ സംവിധാനങ്ങളെ കാറ്റില്‍ പറത്തുകയും ചെയ്തതിലൂടെ മോദിയും അമിത് ഷായും ജനങ്ങളുടെ തീരുമാനത്തെ ചെറുതാക്കിയെന്നും ഇത് ഒരിക്കലും ജനം മറക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇത് കര്‍ണാടകയും കടന്ന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബി.ജെ.പിയുടെ അഴിമതിയും ക്രിമിനലുകളും നിറഞ്ഞ ഘടന തോല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ഇത് ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും തെളിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

പ്രധാനമന്ത്രിയും അമിത് ഷായും കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം അധികാരത്തില്‍ വരുന്നതിനെ തകര്‍ക്കാന്‍ പരമാവധി ശ്രമിച്ചു എന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ണ്ണാടകത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ജനാധിപത്യത്തെ തകര്‍ക്കാനുളള എല്ലാ പ്രലോഭനങ്ങളെയും തകര്‍ത്താണ് അവരിപ്പോള്‍ നില്‍ക്കുന്നത്. എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അഴിമതിക്കെതിരാണെന്നാണ് പറയുന്നത്. എന്നാല്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി നേതാക്കള്‍ പണം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളാണ് ഇവരെല്ലാം. പിന്നെന്ത് അഴിമതി വിരുദ്ധതയാണ് പ്രധാനമന്ത്രി പറയുന്നതെന്നും രാഹുല്‍ ചോദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ