ന്യൂഡല്‍ഹി: പ്രധാന മന്ത്രി രാജ്യത്തേക്കാള്‍ വലുതല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിഎസ് യെഡിയൂരപ്പ രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രിയല്ല ഇന്ത്യയില്‍ വലുത്. പ്രധാനമന്ത്രി ജനങ്ങളെക്കാളും സുപ്രീം കോടതിയെക്കാളുമെല്ലാം വലുതാണെന്ന് കരുതുന്നു. ആ ധാരണ തെറ്റാണ്. ജനങ്ങള്‍ക്ക് മേല്‍ യാതൊരു അധികാര സ്ഥാപനവും ഇന്ത്യയിലില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം അധികാരത്തില്‍ വരുന്നതിനെ തകര്‍ക്കാന്‍ പരമാവധി ശ്രമിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ണ്ണാടകത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ജനാധിപത്യത്തെ തകര്‍ക്കാനുളള എല്ലാ പ്രലോഭനങ്ങളെയും തകര്‍ത്താണ് അവരിപ്പോള്‍ നില്‍ക്കുന്നത്. എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അഴിമതിക്കെതിരാണെന്നാണ് പറയുന്നത്. എന്നാല്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി നേതാക്കള്‍ പണം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളാണ് ഇവരെല്ലാം. പിന്നെന്ത് അഴിമതി വിരുദ്ധതയാണ് പ്രധാനമന്ത്രി പറയുന്നതെന്നും രാഹുല്‍ ചോദിക്കുന്നു.

‘ഞാന്‍ ജാതി വാദിയല്ല, തൊട്ടുകൂടായ്മയിലും തീണ്ടിക്കൂടായ്മയിലും ഞാന്‍ വിശ്വസിക്കുന്നില്ല,” ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ പ്രതിപക്ഷ സഖ്യം ഉണ്ടാക്കണം. അതിനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബിജെപി കേവല ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേനെ. എന്നാല്‍ ജനങ്ങള്‍ അവര്‍ക്ക് ഭൂരിപക്ഷം നല്‍കിയില്ല. അതായത് ജനവിധി ബിജെപിക്ക് എതിരായിരുന്നു. ഇതിനാലാണ് ജനതാദളിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും സംസ്ഥാനത്തെ ജനങ്ങളെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പണവും അധികാരവും അഴിമതിയുമൊന്നുമല്ല വലുത്. ജനങ്ങളുടെ തീരുമാനമാണ് ഏറ്റവും വലുത്. ബിജെപിയെ അധികാരത്തിലെത്തിക്കാതിരുന്ന കര്‍ണ്ണാടകത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ വിധിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ദേശീയ ഗാനത്തെ അപമാനിച്ച് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചിരുന്നുവോയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ‘ഇതിനെതിരെയാണ് പോരാട്ടം. എല്ലാ സംവിധാനങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ആര്‍എസ്എസും അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ