scorecardresearch

“ഇതുവരെയുളളതെല്ലാം മറന്നേയ്ക്കൂ, നിങ്ങളുടെ സമ്പത്ത് നൂറിരട്ടിയാക്കാം” കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ

മുൻ ബിജെപി നേതാവായിരുന്ന നിലവിലെ റെയ്‌ചൂർ റൂറലിലെ കോൺഗ്രസ് എംഎൽഎ ബസനഗൗഡയെ സ്വാധീനിക്കാൻ ബിജെപി നേതാവ് ശ്രമിച്ചുവെന്ന ആരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ

press meet karnataka pcc bribe phone talk audio,

ബെംഗളൂരു: കർണാടക നിയമസഭയി​ൽ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ തങ്ങളുടെ എംഎൽഎയ്ക്ക് കോഴ കൊടുക്കാൻ ബിജെപി നേതാവ് ജനാർദൻ റെഡ്ഡി ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

വൈകുന്നേരത്തോടെ നടത്തിയ പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച ശബ്ദരേഖ പുറത്തു വിട്ടു. റെയ്‌ചൂർ റൂറൽ എംഎൽഎ ആയ ബസനഗൗഡ ദഡല്ലയുമായുളള​ സംഭാഷണമാണ് കോൺഗ്രസ് പുറത്തുവിട്ടത്. ബസനഗൗഡയുമായി സംസാരിക്കുന്നത് ജനാർദൻ റെഡ്ഡിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പിൽ ബിജെപിയെ സഹായിച്ചാൽ മന്ത്രിയായി തിരികെ വരാമെന്നാണ് സംഭാഷണത്തിലെ ഒരു വാഗ്‌ദാനം.

2008ൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച് തോറ്റയാളാണ് ബസനഗൗഡ. അതിന് ശേഷമാണ് കോൺഗ്രസുമായി ചേർന്നത്. ഈ തിരഞ്ഞെടുപ്പിൽ അവസാന ഘട്ടത്തിലാണ് കോൺഗ്രസിന്റെ ടിക്കറ്റ് കിട്ടിയത്.

“നിങ്ങൾക്ക് എന്ത് പൊസിഷനാണ് വേണ്ടത്. നമ്മുക്ക് പരസ്‌പരം സംസാരിച്ച് മുന്നോട്ട് പോകാം. നിങ്ങളൊരു മന്ത്രിയാകും. വലിയ ആളുകൾ ഓരോരുത്തരുമായി സംസാരിക്കാൻ വഴിയൊരുക്കാമെന്ന് ഞാൻ ഉറപ്പു തരുന്നു. അവർ തരുന്ന വാക്ക് അവർ പാലിക്കും. അവർ രാജ്യം ഭരിക്കുന്നവരാണ്. എന്തൊക്കെ സമ്പത്ത് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ അതൊക്കെ നൂറിരട്ടിയാക്കാം” ബസനഗൗഡയുമായി സംസാരിക്കുന്ന വ്യക്തി പറയുന്നു. എന്നാൽ ഈ ശബ്ദരേഖയുടെ വസ്തുത ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.

ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. കർണാടക തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ സീറ്റ് ലഭിച്ച ബിജെപിയെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. അതേസമയം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 സീറ്റുളളപ്പോൾ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് 104 സീറ്റ് ആണുളളത്.

കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖയിലുളളത് ഇതാണ്

റെഡ്ഡി: ഇത് ബസന ഗൗഡയാണോ? താങ്കൾ​ ഫ്രീയാണോ?

ദഡ്ഡൽ: അതേ, ഞാനാണ്

ജെ. ആർ: ഇതുവരെ നടന്നതെല്ലാം മറന്നേയ്ക്കൂ, എല്ലാ മോശം കാര്യങ്ങളും മറന്നേയ്ക്കൂ, നല്ല കാലം വരാൻ പോകുന്നു എന്നാണ് എനിക്ക് പറയാനുളളത്. ദേശീയ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കാനുളള അവസരം ഞാൻ ഉണ്ടാക്കിത്തരാം. അതിന് ശേഷം അടുത്ത നടപടിയെടുക്കാം.

ബി ഡി: സാർ, അവരാണ് അവസാനം എനിക്ക് ടിക്കറ്റ് തന്നത്. അവരാണ് എന്നെ എംഎൽഎ ആക്കിയത്.

ജെ ആർ: ഞാനൊരു കാര്യം പറയാം. ബിഎസ്ആറിന്റെ കാലം വളരെ മോശം കാലമായിരുന്നു. പാർട്ടിയുണ്ടാക്കിയപ്പോൾ വളരെയധികം എതിർപ്പ് നേരിടേണ്ടി വന്നു. നിങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. നിങ്ങൾക്ക് ഇപ്പോഴുളളതിനേക്കാൾ നൂറിരട്ടി വളരാൻ കഴിയുമെന്ന് ഞാൻ പറയുന്നു. ശിവണ്ണ ഗൗഡ നായക് ഞാൻ കാരണം മന്ത്രിയായ ആളാണ്. ഇപ്പോൾ വളരെ ശക്തിമാനാണ് അയാൾ. ഇതെല്ലാം സംഭവിച്ചത് ഞാൻ കാരണമാണ്. രാജ ഗൗഡയ്ക്ക് ഗുണം ലഭിച്ചതും എന്നെക്കൊണ്ടാണ്.

ബി ഡി: ശരിയാണ്.

ജെ ആർ: ഞങ്ങളുടെ മോശം സമയമായിരന്നുവെന്നത് നിങ്ങളുടെ നിർഭാഗ്യമാണ്. ഇന്ന് ശിവണ്ണ ഗൗഡയുടെ വിജയം കൊണ്ട് കാര്യമില്ല. നിങ്ങൾ മന്ത്രിയാകും. നിങ്ങൾക്ക് മനസ്സിലായോ? ‘വലിയ ആളി’നെ നേരിട്ട് കാണാൻ ഞങ്ങൾ അവസരമുണ്ടാക്കാം. വലിയ ആളുമായി നിങ്ങൾക്ക് നേരിട്ട് സംസാരിക്കാൻ ഞാൻ അവസരമുണ്ടാക്കാം… (ശബ്ദരേഖ മുറിയുന്നു).. നിങ്ങൾ ഇതുവരെ ഉണ്ടാക്കിയതിന്റെ നൂറിരട്ടി സമ്പത്ത് ഉണ്ടാക്കാം.

ബി ഡി: എന്നോട് ക്ഷമിക്കണം സാർ,  അവസാനം അവർ എനിക്ക് ടിക്കറ്റ് തന്നു. എന്നെ ജയിപ്പിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ​എനിക്ക് അവരെ ചതിക്കാനാവില്ല. ഞാൻ അങ്ങയെ ബഹുമാനിക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka floor test bjps janardhan reddy offered bribe to our mla claims congress releases audio tape