ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരിഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈകുന്നേരത്തോടെ പുറത്ത് വരും. ഇതുവരെ സംസ്ഥാനത്ത് 40 ശതമാനത്തിലധികം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2018-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാനായിരുന്നില്ല. എങ്കിലും 104 എംഎല്‍എമാരുള്ള ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 76 സീറ്റും ജെഡിഎസിന് 37 സീറ്റുമായിരുന്നു ലഭിച്ചത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും അവര്‍ ഒപ്പം കൂട്ടി.
പക്ഷെ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തിന് 17 എംഎല്‍എമാരെ നഷ്ടമായി. എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നിന്നതോടെ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. 2021 ജൂലൈ 26-ന് യെദ്യൂരപ്പ രാജിവയ്ക്കുകയും ബാസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു.
2018-ലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പരിശോധിക്കാം
എട്ട് സൂപ്രധാന എക്സിറ്റ് പോളുകളില്‍ ആറെണ്ണത്തിലും നിയമസഭയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. പക്ഷെ ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ഇല്ലായിരുന്നു. ജെഡിഎസ് നിര്‍ണായക ഘടകമാകുമെന്നായിരുന്നു പ്രവചനം. 20-40 സീറ്റുകള്‍ ജെഡിഎസിന് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍.
എബിപി – സി വോട്ടര്‍, ന്യൂസ് എക്സ് – സിഎന്‍എക്സ്, റിപ്പബ്ലിക്ക് – ജന്‍ കി ബാത്ത്, ന്യൂസ് നേഷന്‍ എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബിജെപി വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിച്ചത്.
ടൈംസ് നൗവിന് രണ്ട് ഫലങ്ങളായിരുന്നു ഉണ്ടായിരുന്നത്. ടൈംസ് നൗ – വിഎംആര്‍ സര്‍വെ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചു. എന്നാല്‍ ടൈംസ് നൗ – ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു. ഇന്ത്യ ടുഡെ – ആക്സിസ് എക്സിറ്റ് പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രവചിച്ചു.
എബിപി – സി വോട്ടര്‍: ബിജെപി (104-116), കോണ്‍ഗ്രസ് (83-94), ജെഡിഎസ് (20-29)
ന്യൂസ്എക്സ് – സിഎൻഎക്സ്: ബിജെപി (102-110), കോണ്‍ഗ്രസ് (72-78), ജെഡിഎസ് (35-39), മറ്റുള്ളവര്‍ (3-5)
ദി റിപ്പബ്ലിക്ക് – ജന്‍ കി ബാത്ത്: ബിജെപി (104), കോണ്‍ഗ്രസ് (78), ജെഡിഎസ് (37), മറ്റുള്ളവര്‍ (3)
ദി ടൈംസ് നൗ – ചാണക്യ: ബിജെപി (120), കോണ്‍ഗ്രസ് (73), ജെഡിഎസ് (26), മറ്റുള്ളവര്‍ (3)
ദി ടൈംസ് നൗ – വിഎംആര്‍: കോണ്‍ഗ്രസ് (97), ബിജെപി (94), ജെഡിഎസ് (28), മറ്റുള്ളവര്‍ (3)
ദി ന്യൂസ് നേഷന്‍: ബിജെപി (99-108), കോണ്‍ഗ്രസ് (75-84), ജെഡിഎസ് (31-40), മറ്റുള്ളവര്‍ (3-7)
ദി ഇന്ത്യ ടുഡെ – ആക്സിസ് പോള്‍: കോണ്‍ഗ്രസ് (106-118), ബിജെപി (79-92), ജെഡിഎസ് (22-30), മറ്റുള്ളവര്‍ (1-4)