ന്യൂഡൽഹി: കർണാടകയിലെ നഗരഹോളേ നാഷനൽ പാർക്കിൽനിന്നും അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ പലരുടെയും തല പുകച്ചിരുന്നു. സിഗരറ്റ് വലിക്കുന്ന കാട്ടാന എന്നു പറഞ്ഞാണ് വീഡിയോ സോഷ്യൽ സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. മാർച്ച് 20 ന് വൈൾഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റി അവരുടെ ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട് ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വൈൾഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടർ വിനയ് കുമാർ 2016 ഏപ്രിലിൽ ഷൂട്ട് ചെയ്ത വീഡിയോ ആണിത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം ഇത് ഫെയ്സ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തത്. തറയിൽ കിടക്കുന്ന എന്തോ എടുത്ത് ആന വായിൽ വയ്ക്കുകയും അതിനുശേഷം പുക പുറത്തേക്കു വിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ട പലരും അതിശയിച്ചുപോയി.

ആന സിഗരറ്റ് വലിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 30-35 വയസുളള പിടിയാനയാണ് വീഡിയോയിൽ കാണുന്നതെന്ന് വിനയ് കുമാർ പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുൻപും ഇത്തരത്തിലുളള സംഭവം കണ്ടിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഷൂട്ട് ചെയ്യാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ സത്യാവസ്ഥയെക്കുറിച്ച് പറയുകയാണ് വൈൾഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റിയിൽ ആനകളെക്കുറിച്ച് പഠനം നടത്തുന്ന ഡോ.വരുൺ ഗോസ്വാമി.

‘കാട്ടുതീയിൽ കത്തിക്കരഞ്ഞ് തറയിൽ കിടന്ന മരക്കഷ്ണം ആണ് പിടിയാന വായിലാക്കിയത്. അതിനുശേഷം അത് ചവയ്ക്കുകയും അതിൽനിന്നുണ്ടായ പുക പുറത്തേക്ക് വിടുകയുമായിരുന്നു. കാട്ടു തീയ്ക്കുശേഷം അവശേഷിക്കുന്ന ചെറിയ കനലുകൾ കാട്ടാനകളെ ആകർഷിക്കാറുണ്ട്. അവ എന്താണെന്ന് അറിയാൻ ചിലപ്പോഴൊക്കെ ആനകൾ അത് വായ്ക്കകത്ത് ആക്കാറുണ്ട്. ഈ വീഡിയോയയിൽ കാണുന്നതും അതാണ്’ വൈൾഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ