ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. വിജയം മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രചരണങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമെല്ലാം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുണ്ട്.
ഇതിനിടെ ബി.എസ്.യെഡിയൂരപ്പയുടെ പ്രസ്താവന വിവാദമാവുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നു പറയുന്നവരെ കൈയ്യും കാലും കെട്ടി പോളിങ് ബൂത്തിലെത്തിക്കണമെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രസ്താവന. ബെലഗാവിയില്‍ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെഡിയൂരപ്പയുടെ നിർദേശം.
എന്നാല്‍ പ്രസ്താവന വിവാദമാവുകയായിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായി മാറി. ഇതോടെ സ്നേഹത്തോടെ കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിച്ചതെന്നായി യെഡിയൂരപ്പയുടെ വിശദീകരണം. ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
‘അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെങ്കില്‍, കൈയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം,’ എന്നായിരുന്നു യെഡിയൂരപ്പയുടെ ആഹ്വാനം.
അതേസമയം, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി ഏതാണ്ട് എട്ട് റൗണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മേയ് 12 നാണ് തിരഞ്ഞെടുപ്പ്.