ന്യൂഡല്‍ഹി:. കര്‍ണാടകയില്‍ അടുത്ത ആഴ്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ മുന്നോടിയായി എച്ച്.ഡി കുമാരസ്വാമി കോണ്‍ഗ്രസ് പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയെയും,സോണിയാഗാന്ധിയെയും ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. പൊരുത്തക്കേടുകള്‍ എല്ലാം മാറ്റി വച്ച് നല്ലൊരു ഭാവിയ്ക്ക് വേണ്ടിയുള്ള ആഹ്വാനമാകട്ടെ ഈ സഖ്യം ചേരല്‍ എന്ന് പരസ്പര ധാരണയിലാണ് സര്‍ക്കാര്‍ രൂപീകരണവുമായി ഇരു കക്ഷികളും മുന്നോട്ട് പോകുന്നത്. ക്യാബിനറ്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള ആശയ കുഴപ്പങ്ങളുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ പ്രതീക്ഷ.

കൂട്ടത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള നിലയ്ക്ക് കോണ്‍ഗ്രസ്സിനുതന്നെ സ്പീക്കര്‍ പദവി നല്‍കുന്നതില്‍ ജെഡിഎസ്സിന് വിരോധമൊന്നുമില്ല. രണ്ട് ഡെപ്യുട്ടി ചീഫ് മിനിസ്റ്റര്‍മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ മാത്രം മതിയെന്നുള്ള അഭിപ്രായമാണ് കുമാരസ്വാമിക്ക്. എന്നാലും തിരക്ക് പിടിച്ച് തീരുമാനങ്ങളെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ് ജെഡിഎസ്.

ഡല്‍ഹിയിലെത്തിയ ഉടനെ കുമാരസ്വാമി സന്ദര്‍ശിച്ചത് ബിഎസ്‌പി നേതാവായ മായാവതിയെയായിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യത്തെപ്പറ്റി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് കുമാരസ്വാമി സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും സന്ദര്‍ശിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് വിജയിച്ച ഒരേയൊരു ബി എസ് പി എംഎല്‍എ ആയ എന്‍.മഹേഷ്‌ കുമാരസ്വാമിയോടൊപ്പമാണ്.

വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് കുമാരസ്വാമി രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തുന്നത്. നീണ്ട കാലത്തേക്ക് ബന്ധം തുടരാന്‍ ഇരുനേതാക്കളും ധാരണയായി. ആശംസകള്‍ അറിയിച്ച സോണിയാ ഗാന്ധി രാഷ്ട്രീയ കാര്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യാനും ആവശ്യപ്പെട്ടു. ക്യാബിനറ്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും ഭരണകാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തില്ല എന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ബുധനാഴ്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പങ്കെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി അറിയിച്ചു. ഇവരെക്കൂടാതെ മായാവതി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാല്‍,
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

“ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല. എല്ലാ കാര്യങ്ങളും ഒരുമിച്ചിരുന്ന് തീരുമാനിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്.”,കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

“എച്ച്.ഡി കുമാരസ്വാമിയുമായി വളരെ ഊഷ്‌മളമായ ഒരു ചര്‍ച്ചയായിരുന്നു ഇന്ന് നടന്നത്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എല്ലാ കാര്യങ്ങളിലും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകും”, എച്ച്.ഡി കുമാരസ്വാമിയുടെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. മുമ്പ് നടന്ന കാര്യങ്ങള്‍ എല്ലാം മറന്നു മുന്നോട്ട് നീങ്ങാന്‍ നേതാക്കള്‍ തീരുമാനിച്ചെങ്കിലും ഇരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ഇപ്പോഴും സംശയത്തിലാണ്.

“ജെഡിഎസ്സുമായി സഖ്യം ചേരാന്‍ പാടില്ല എന്നുള്ള പലരുടെയും അഭിപ്രായങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരുന്നതില്‍നിന്ന് ബിജെപിയെ പ്രതിരോധിക്കേണ്ടത് അനിവാര്യമായിരുന്നു. ഇത് മനസിലുള്ളത് കൊണ്ടാണ് നമ്മുടെ നേതാക്കള്‍ ജെഡിഎസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തെ നമ്മള്‍ എല്ലാവരും അംഗീകരിക്കണം. മുന്നോട്ടുള്ള വഴികളില്‍ ബുധിമുട്ടുകളുണ്ടാകും. പക്ഷേ അതിനുള്ള കരുത്ത് നമ്മള്‍ ആര്‍ജിക്കും”,സഖ്യം ചേരലിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി മീറ്റിങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പരമേശ്വരന്‍ പറഞ്ഞു.

സഹമന്ത്രിമാരുടെ കാര്യത്തിലാണ് ഇപ്പോഴും ധാരണയാവാത്തത്. മുന്‍ മന്ത്രിമാരായ ഡി.കെ ശിവകുമാര്‍, എം.ബി പട്ടീല്‍, എന്നിവരോടൊപ്പം കോണ്‍ഗ്രസ്‌ തലവനായ പരമേശ്വരനും ആ സ്ഥാനത്തിന് വേണ്ടിയുള്ള ചരട് വലിയിലാണ്. പട്ടീല്‍ ലിങ്കായത് സമുദായക്കാരനും,ശിവകുമാര്‍ വൊക്കലിങ്ക സമുദായക്കരനുമാണ്. ബി.എസ് യെഡിയൂരപ്പയെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും വലിച്ച് താഴെയിറക്കിയ സാഹചര്യത്തില്‍ ലിങ്കായത് സമുദായക്കാരനെ ഡെപ്യുട്ടി ചീഫ് മിനിസ്റ്ററാക്കിയാല്‍ അത് അവരുടെ മുമ്പില്‍ കോണ്‍ഗ്രസ്സിന് പിടിച്ച്നില്‍ക്കാനുള്ള തുറുപ്പ്ചീട്ടാണ്. ദേവനാഗരെ സൗത്ത് എംഎല്‍എ ശമനൂർ ശിവശങ്കരപ്പയെ ആഭ്യന്തര മന്ത്രിയായി ആക്കണമെന്ന് പറഞ്ഞ് ഓള്‍ ഇന്ത്യാ വീരശീവ മഹാസഭ വാശി പിടിക്കുന്നതും കാര്യങ്ങളെ കുറച്ച്‌ കുഴപ്പിക്കുന്നുണ്ട്.

“സര്‍ക്കാര്‍ വീഴും എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ബിജെപി ധൃതി പിടിച്ച് യെഡിയൂരപ്പയെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചത്. അതുവഴി യെഡിയൂരപ്പയുടെ സമുദായത്തെയാണ്‌ ബിജെപി അവഹേളിച്ചത്. യെഡിയൂരപ്പയെ കുറിച്ച് ബിജെപി ചിന്തിച്ചിരുന്നെങ്കില്‍ സ്ഥിരതയില്ലത്തൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. ആളുകളെ താഴെ തള്ളിയിടാന്‍ ബിജെപിയ്ക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.” ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷമില്ലായിട്ട് കൂടി ലിങ്കായത്തംഗമായ യെഡിയൂരപ്പയെ നാണം കെടുത്താന്‍ ബിജെപി ശ്രമിച്ചെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook