ബംഗളൂരു : മെയ്‌ 12ന് നടക്കുന്ന ആസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്തിക്കായി പ്രചരണം നടത്താന്‍ ബെല്ലാരിയിലേക്ക് പ്രവേശനാനുമതി തേടിക്കൊണ്ട് ഖനി ഉടമയായ ജി ജനാര്‍ദന്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകനും ജ്യേഷ്ടനുമായ ജി സോമശേഖര റെഡ്ഡിക്ക് വേണ്ടി പ്രചരണം നടത്താൻ രണ്ട് ദിവസത്തെ അനുമതിയാണ് ജനാര്‍ദന്‍ റെഡ്ഡി തേടിയത്. ബെല്ലാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സോമശേഖര റെഡ്ഡി.

നേരത്തെ ജനാര്‍ദന്‍ റെഡ്ഡിക്ക് ബെല്ലാരിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചിരുന്നു. 2008 മുതല്‍ 13 വരെയുള്ള കാലത്ത് പതിനാറായിരം കോടി രൂപ വില മതിക്കുന്ന ഇരുമ്പ് രാജ്യത്തിന് പുറത്തേക്ക് കടത്തി എന്നതാണ് റെഡ്ഡിയുടെ കമ്പനിക്ക് നേരെയുള്ള ഒരു പ്രധാന ആരോപണം.

പതിനാല് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെ നിലനിന്ന വിജയനഗര സാമ്രാജ്യത്തിന്റെ ഭരണമികവിനെ കുറിച്ച് സംസാരിക്കാതെ ബെല്ലാരിയില്‍ കള്ളന്മാരും കൊള്ളക്കാരും ആണെന്നാണ്‌ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം സ്ഥലത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

റെഡ്ഡി സഹോദരന്മാരെ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പിന്റെ ആദി ഘട്ടത്തില്‍ ബിജെപി ശ്രമിച്ചിരുന്നു. ഏപ്രില്‍ അവസാന വാരം ബെല്ലാരിയില്‍ നടന്ന പാര്‍ട്ടിയുടെ റോഡ്‌ ഷോയില്‍ നിന്നും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ വിട്ടുനിന്നിരുന്നു.. എന്നാല്‍ ബിജെപിക്ക് ശക്തിയില്ലാത്ത ഹൈദരാബാദ്- കര്‍ണാടകാ പ്രദേശത്ത് സ്വാധീനമുള്ള റെഡ്ഡി സഹോദരന്മാരെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണം എന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

” ബെല്ലാരിയെ ഞങ്ങള്‍ വീണ്ടുമൊരു ബിജെപി കോട്ടയാക്കും.” തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി നഗരത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പൊതു പരിപാടിക്കിടയില്‍ ജി സോമശേഖര റെഡ്ഡി പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ