കര്‍ണാടകയിലെ ഹൂബ്ബലി മുന്‍ മുഖ്യമന്ത്രിയും ആറ് തവണ എംഎല്‍എയുമായ ജഗദീഷ് ഷെട്ടാറിന് ബിജെപി സീറ്റ് നിഷേധിച്ചു. ഞാന്‍ കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടിയെ സേവിച്ചു. ജന സംഘവുമായുള്ള എന്റെ കുടുംബത്തിന്റെ ബന്ധത്തിന്റെ 50 വര്‍ഷത്തെ പഴക്കമുണ്ട്. വടക്കന്‍ കര്‍ണാടകയില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ എനിക്കായി. സീറ്റ് നിഷേധിച്ചതില്‍ ഒരു കാരണവും അവര്‍ പറഞ്ഞില്ല, അതെന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ ഓര്‍ത്തുകൊണ്ട് ഷെട്ടാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഷെട്ടാറിനെ ഒഴിവാക്കിയത്. എന്നാല്‍ അത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള നീക്കമാണെന്ന് തോന്നുന്നില്ല.
ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണെങ്കില്‍ ബിജെപിക്ക് തോല്‍ക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മാത്രം ഒഴിവാക്കിയാല്‍ മതിയായിരുന്നു, അസിം പ്രേംജി സര്‍കലാശാലയിലെ അധ്യാപകനായ നാരായണ എ ചൂണ്ടിക്കാണിച്ചു. വിജയസാധ്യതയുള്ള നിരവധി സ്ഥാനര്‍ഥികള്‍ക്കാണ് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
മറുചേരിയിലേക്ക് ചേക്കേറിയ ഷെട്ടാര്‍ ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നുമുണ്ട്. ബിജെപിയില്‍ നിന്നുള്ള പുറത്താകലിന് പിന്നില്‍ അജണ്ടയുണ്ടെന്നാണ് ഷെട്ടാര്‍ അവകാശപ്പെടുന്നത്. യെദ്യൂരപ്പയ്ക്ക് ശേഷം ഏറ്റവും മുതിര്‍ന്ന ലിംഗായത്ത് നേതാവ് ഞാനാണ്, എന്നെ ഒഴിവാക്കിയാല്‍.., ഷെട്ടാര്‍ പറയുന്നു.
ലിംഗായത്ത് സമൂഹത്തെ ആശ്രയിക്കേണ്ടന്നാവും ബിജെപിയുടെ ചിന്തയെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരായ ലക്ഷ്മണ്‍ സവാദി, യുബി ബനാകര്‍ എന്നിവരും സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ജാതിസന്തുലിതയുണ്ടെങ്കിലും അടിത്തട്ടില്‍ വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്.
ഷെട്ടാറിന്റെ ശിഷ്യനെന്ന് അറിയപ്പെടുന്ന മഹേഷ് തെങ്കിന്‍കൈയെയാണ് ഷെട്ടാറിന്റെ പകരക്കാരനായി ബിജെപി കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ മഹേഷ് 30 വര്‍ഷത്തോളമായി ബിജെപിക്കൊപ്പമാണ്. ഷെട്ടാറും മഹേഷും ബനാജിഗ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.
ഹൂബ്ബലിക്ക് സമാനമായി മൈസൂരിലും യുവസ്ഥാനാര്‍ഥിയെയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. നാല് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ എസ് എ രാംദാസിനാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. ബിജെപി സിറ്റി പ്രസിഡന്റായ ശ്രീവാസ്തവയാണ് പകരം മത്സരിക്കുന്നത്. രാംദാസും ശ്രീവാസ്തവയും ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്നു.
ഉഡുപ്പിയില്‍ മുതിര്‍ന്ന നേതാവായ രഘുപതി ഭട്ടിന് പകരം യാഷ്പാല്‍ സുവര്‍ണയാണ് മത്സരിക്കുന്നത്. ശികരിപ്പുരയില്‍ യെദ്യൂരപ്പ മത്സരിക്കാത്ത സാഹചര്യത്തില്‍ ബി വൈ വിജയേന്ദ്രയാണ് തിരഞ്ഞെടുപ്പ് ഗോധയിലുള്ളത്.
ഇവിടെയെല്ലാം ബിജെപി ചെയ്തിരിക്കുന്നത് ജാതി അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളല്ല. പകരം ജാതിയതയില്‍ ഊന്നി യുവതലമുറയിലേക്ക് തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്.
ജാതി സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ യുവ സ്ഥാനാർത്ഥികളെ കൊണ്ടുവരുന്നത് കർണാടകയിൽ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല ഒരുപക്ഷെ, സംസ്ഥാന-കേന്ദ്ര ഘടകങ്ങള്‍ തമ്മിലുള്ള അധികാര സമവാക്യങ്ങളുടെ പുനഃക്രമീകരണം കൂടിയാകാം.