ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 5.2 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 9.17 ലക്ഷം കന്നി വോട്ടര്‍മാരുമുണ്ട്. 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന ഏക സംസ്ഥാനമെന്ന പ്രത്യേകതയും കര്‍ണാടകത്തിനുണ്ട്. 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. 113 സീറ്റുകളുള്ള ബിജെപിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 74 എംഎല്‍എമാരും ജെഡിഎസിന് 27 അംഗങ്ങളുമാണ് സഭയിലുള്ളത്.
ഇത്തവണ 224 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ 223 സ്ഥാനാര്‍ഥികളും ജെഡിഎസിന്റെ 207 സ്ഥാനാര്‍ഥികളുമാണ് വോട്ടുതേടുന്നത്. മാര്‍ച്ചി 29-നായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയായിരുന്നു പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചത്.
ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രമുഖരായ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പത്തിലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരായിരുന്നു കളത്തില്‍.
ബെംഗളൂരു നഗര വോട്ടര്‍മാരിലേക്ക് എത്തുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ മെഗാറോഡ് ഷോ. 26 കിലോമീറ്റര്‍ റോഡ് ഷൊ ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കുറഞ്ഞത് 12 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു. ഇത്തവണ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 22 സീറ്റെങ്കിലും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപാമ്പ് പരാമര്‍ശം, ബജറംഗ് ദല്‍ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.
എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദവുമായി ബന്ധമുള്ളവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ജോലികള്‍ക്കായി കൈക്കൂലിക്ക് ‘നിരക്ക്’ നിശ്ചയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പരസ്യത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.