ബെംഗലുരു: കർണ്ണാടകത്തിൽ രാഷ്ട്രീയ ഭൂമിക കലങ്ങിമറിയുന്നതിനിടെ തങ്ങളുടെ എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ ജെഡിഎസും കോൺഗ്രസും. എംഎൽഎമാരെ സംസ്ഥാനം കടത്താനാണ് ആലോചിക്കുന്നത്. എംഎൽഎമാരെ പാർപ്പിച്ച റിസോർട്ടിന് ഉളള സുരക്ഷ പിൻവലിക്കാൻ ബിഎസ് യെദ്യൂരപ്പ ഉത്തരവിട്ടതോടെയാണ് ഇക്കാര്യം കൂടുതൽ ശക്തമായി പരിഗണിക്കുന്നത്.

ആന്ധ്ര, തെലങ്കാന, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ സുരക്ഷിതമായി മാറ്റാൻ ആലോചിച്ചത്. ഇപ്പോൾ കോൺഗ്രസ് ഭരണമുളള പഞ്ചാബിലേക്കോ അല്ലെങ്കിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ കൊച്ചിയിലേക്കോ എംഎൽഎമാരെ മാറ്റുമെന്നാണ് വിവരം.

സുപ്രീം കോടതിയിൽ നാളെ നടക്കുന്ന വാദത്തിന് ശേഷം ബിജെപിയ്ക്ക് അനുകൂലമായാണ് കോടതി തീരുമാനം എടുക്കുന്നതെങ്കിൽ അടുത്ത 15 ദിവസത്തേക്ക് എംഎൽഎമാരെ കാത്തുസൂക്ഷിക്കുക എന്ന കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾക്കുളളത്.

നേരത്തേ ഗുജറാത്ത് എംഎൽഎമാരെ രാജ്യസഭ തിരഞ്ഞെടുപ്പിന് മുൻപ് കർണ്ണാടകത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളുടെ എംഎൽഎമാരെ കർണ്ണാടകത്തിൽ നിർത്തുന്നത് അത്ര എളുപ്പമല്ലെന്ന തോന്നലാണ് നേതൃത്വത്തിലുളളത്.

കർണ്ണാടകത്തിൽ ചരടുവലികൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനിയാണ് കേരളത്തിൽ നിന്നുളള എഐസിസി നേതാവ് കെസി വേണുഗോപാൽ. കേരളത്തിലേക്ക് എംഎൽഎമാരെ മാറ്റുകയാണെങ്കിൽ അതിന് ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാകുമെന്നാണ് സൂചന.

അതേസമയം ഈ വാർത്തയുടെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളാരും ഇതേവരെ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ പൊലീസ് സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ എംഎൽഎമാർക്ക് സ്വന്തം നിലയ്ക്ക് സുരക്ഷയൊരുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിഎച്ച് മുനിയപ്പ തന്നെ വ്യക്തമാക്കി.

തങ്ങളുടെ 78 എംഎൽഎമാരും തങ്ങൾക്കൊപ്പം തന്നെയുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും സിദ്ധരാമയ്യയും ഇപ്പോഴും ആവർത്തിച്ച് വ്യക്തമാക്കുന്നത്. മറുവശത്ത് 15 ദിവസത്തിന് മുൻപ് ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പയും ആവർത്തിക്കുന്നുണ്ട്.

അതേസമയം അധികാരമേറ്റ ബിഎസ് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാരും ജെഡിഎസ് എംഎൽഎമാരും തങ്ങളുടെ പാർട്ടിക്കൊപ്പം തന്നെ നിൽക്കാനാണ് സാധ്യതയെന്നുളള വിലയിരുത്തലുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook