ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന ലാപ്പില്‍ എത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. കണക്കുകള്‍ എല്ലാം പിഴച്ച് ബിജെപിയുടെ സീറ്റ് നില 62 ലേക്ക് ചുരുങ്ങുമ്പോള്‍ കണക്ക് കൂട്ടലുകള്‍ക്കപ്പുറം 138 സീറ്റെന്ന സുരക്ഷിത നിലയിലേക്ക് കോണ്‍ഗ്രസ് എത്തുകയാണ്. മറുവശത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കപ്പെട്ട ജെഡിഎസിന്റെ കോട്ടയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കടന്നു കയറി. ഓള്‍ഡ് മൈസൂരു മേഖലയില്‍ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ് സീറ്റ് നില ഉയര്‍ത്തിയപ്പോള്‍ ജെഡിഎസിന് ഒറ്റക്കത്തിലേക്ക് ചുരുങ്ങേണ്ടി വന്നു.
ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാനാകാതെ ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ പരമ്പരാഗത സ്വാധീന മേഖലയായ തീര കര്‍ണാടകയില്‍ രണ്ടക്ക സംഖ്യയില്‍ സിറ്റ് നില നിലനിര്‍ത്തി. മറുവശത്ത് കോണ്‍ഗ്രസ് ഇവിടെ ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. പ്രധാനമന്ത്രി നേരിട്ടെത്തി പ്രചരണത്തിന് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ 2018 ലേതിന് വിഭിന്നമായി ബിജെപിക്ക് വോട്ട് ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. 13 ശതമാനം വോട്ടുവിഹിതം കുറഞ്ഞു. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ് തുടരുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചത് നേട്ടമായി. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ തോല്‍വി ഞെട്ടിച്ചു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണില്‍ വിജയിച്ചു.
കര്‍ണാടകത്തില്‍ പരാജയം സമ്മതിക്കുന്നതായാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. പ്രധാനമന്ത്രിയും അണികളും എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ വിജയിച്ചില്ല, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണ്ണാടകയില്‍ 129 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ‘പ്രധാനമന്ത്രി മോദിയും അണികളും പരമാവധി ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല’. അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ ശക്തമായ ലീഡോടെ അധികാരം കോണ്‍ഗ്രസ് ഉറപ്പിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന തരത്തിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിക്കും ജെഡിഎസിനും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ലെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു. ഒരു വശത്ത് ജനങ്ങളുടെ ശക്തി അവരുടെ ചങ്ങാത്തിതിന്റെ ബലത്തെ തോല്‍പ്പിച്ചു. കര്‍ണാടകത്തില്‍ സ്‌നേഹത്തിന്റെ കട തുറന്നു, വിദ്വേഷത്തിന്റെ കട അടച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വീണ്ടും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.