ബെംഗളൂരു: ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. ജനങ്ങൾ ജെഡിഎസിനെ പിന്തുണച്ചതിന് നന്ദി. കർണാടകയിൽ ബിജെപി ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ബിജെപി ഏതു വിധേനയും ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. താനോ തന്റെ പാർട്ടിയോ അധികാര കൊതിയന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തെക്കാൾ അധികം സീറ്റുണ്ട്. ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് 9 സീറ്റുകളാണ് കുറവുളളത്. ജെഡിഎസ് എംഎൽഎമാർക്ക് 100 കോടിയാണ് ബിജെപി വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്നാണ്? പാവപ്പെട്ടവർക്കുവേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് പറയുന്നതിനോടൊപ്പം കോടിക്കണക്കിന് രൂപ എംഎൽഎമാരെ കൂടെ കൂട്ടാൻ വാഗ്‌ദാനം ചെയ്യുന്നു. ബിജെപിയുടെ പക്കൽ ഇത്രയും പണം എവിടെനിന്നാണ്? ഇത് അന്വേഷിക്കേണ്ട ആദായ നികുതി വകുപ്പ് അധികൃതർ എവിടെ? കുമാരസ്വാമി ചോദിച്ചു.

കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും ജെഡിഎസിന് വാഗ്‌ദാനം ലഭിച്ചു. 2004 ലും 2005 ലും ബിജെപിക്ക് ഒപ്പം ഞാൻ നിന്നത് തെറ്റായിപ്പോയി. അത് തിരുത്താൻ ദൈവം എനിക്ക് ഇപ്പോൾ അവസരം തന്നു. അതിനാൽ ഞാൻ കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസിനോട് ഞാൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അവരുടെ പിന്തുണയ്ക്കൊപ്പം അവർ എനിക്ക് അത് വാഗ്‌ദാനം ചെയ്തതാണെന്ന് കുമാരസ്വാമി പറഞ്ഞു.

ബിജെപിയുടെ അശ്വമേധ യാത്ര വടക്കേ ഇന്ത്യയിൽനിന്നുമാണ് തുടങ്ങിയത്. പക്ഷേ കർണാടകയിൽ എത്തിയപ്പോൾ കുതിരകൾ നിന്നുപോയി. കർണാടകയിലെ ജനവിധി അവരുടെ അശ്വമേധ യാത്രയെ തടസപ്പെടുത്തി.

കർണാടകയിൽ ബിജെപിയുടെ ചുമതലയുളള പ്രകാശ് ജാവേദ്കർ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയതായുളള വാർത്തകളെ കുമാരസ്വാമി നിഷേധിച്ചു. ബിജെപിയുടെ ഒരു നേതാവും ഇതുവരെ എന്നെ വന്നു കണ്ടിട്ടില്ല. അത്തരം വാർത്തകൾ വ്യാജമാണ്. ആരാണ് ജാവേദ്കർ എന്നും അദ്ദേഹം ചോദിച്ചു.

ഞങ്ങളുടെ എംഎൽഎമാരെ കൊണ്ടുപോയാൽ അതിലിരട്ടി ബിജെപി എംഎൽഎമാരെ അവരിൽനിന്നും അടർത്തി മാറ്റുമെന്നും കുമാരസ്വാമി ഭീഷണി മുഴക്കി. ഗവർണറെ വീണ്ടും കാണുമെന്നും സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook