Karnataka Election Results 2018: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഫൊട്ടോഫിനിഷിലേക്ക് നീങ്ങുമ്പോള്‍ ഒരൊറ്റ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിവിശേഷമാണ്. നൂറ്റിനാല് സീറ്റില്‍ മുന്നേറുന്ന ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ എഴുപത്തിയെട്ടോളം സീറ്റുകളില്‍ മുന്നേറുന്ന കോണ്‍ഗ്രസും മുപ്പത്തിയെട്ടില്‍ നില്‍ക്കുന്ന ജനതാദളും രണ്ട് സ്വതന്ത്രന്മാരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തിയപ്പോള്‍ കോണ്‍ഗ്രസോ ജനതാദളോ പിന്തുണച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരത്തിലേറാനാകൂ. ഒരു സീറ്റ് നേടിയ ബിഎസ്‌പിയും മറ്റൊരു സ്വതന്ത്രനും കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ കണ്ണുകള്‍ മുഴുവനും കര്‍ണാടക ഗവര്‍ണറിലേക്കാണ്. ഗവര്‍ണര്‍ വാജുഭായ് വാല പരിഗണിക്കുക ആരുടെ അവകാശവാദത്തെയാകും ?
ക്ഷണിക്കുകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യാം. പൂര്‍ണമായും ഗവര്‍ണറുടെ വിവേചനാധികാരമാണത്. ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ച ബിജെപി നേതാവ് യെഡിയൂരപ്പയുടെ പ്രതീക്ഷയും ഇത് തന്നെയാകും. എന്നാല്‍ ഇതുവരെ പുറത്തുവന്നതായ ഫലം അനുസരിച്ച് ബിജെപിക്ക് ഭൂരിപക്ഷം ഇല്ല എന്ന് മാത്രമല്ല. കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിന് പ്രകടമായ ഭൂരിപക്ഷം നിലനില്‍ക്കുന്നുണ്ട്. വോട്ടിങ് ശതമാനം പരിശോധിക്കുകയാണ് എങ്കില്‍ ബിജെപിയേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വോട്ടിങ് ശതമാനം ചേര്‍ത്തുവച്ചാല്‍ 55 ശതമാനത്തോളം വരും.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദവുമായി ചെന്ന കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയതും ആദ്യ അവസരം യെഡിയൂരപ്പയ്ക്ക് നല്‍കിയതും വഴി ഗവര്‍ണര്‍ വാജുഭായ് വാല കൃത്യമായ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. പിന്നീട് അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന വ്യവസ്ഥയോടെ യെഡിയൂരപ്പയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം നല്‍കാന്‍ വാജുഭായ് വാലയ്ക്കാകും. അങ്ങനെ വരികയാണ് എങ്കില്‍ വലിയ കുതിരകച്ചവടങ്ങളാകും കര്‍ണാടക അസംബ്ലിയില്‍ അരങ്ങേറാന്‍ പോകുന്നത്.
രമേശ്വര്‍ പ്രസാദ് x യൂണിയന്‍ ഓഫ് ഇന്ത്യാ എന്ന കേസില്‍ സുപ്രീം കോടതി അംഗീകരിച്ച സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ചെയ്യാനാകുന്നത് ഇതൊക്കെയാണ് :
- തിരഞ്ഞെടുപ്പിന് മുന്‍പ് രൂപീകരിച്ചതായ പാര്‍ട്ടികളെ സഖ്യമാകുവാന്‍ വേണ്ടി ക്ഷണിക്കാം.
- ഏറ്റവും വലിയ പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാം. മറ്റുള്ളവരുടെയും സ്വതന്ത്രരുടേയും പിന്തുണയോട് കൂടി ഭൂരിപക്ഷം കിട്ടിയാല്‍ മതി.
- തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷി അല്ലാതായിരുന്ന കക്ഷികളെയും തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയാകാന്‍ ക്ഷണിക്കാം.
- മറ്റുള്ളവര്‍ പുറത്തുനിന്ന് പിന്തുണയ്ക്കുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുമെങ്കില്‍ പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിക്കാവുന്നതാണ്.
കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തെ സംബന്ധിച്ചിടത്തോളം നിലവില്‍ വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാനാകുന്നുണ്ട്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തില്‍ ആശ്രയിച്ചാകും അവര്‍ അധികാരത്തിലെത്താനുള്ള സാധ്യത. ഏറ്റവും വലിയ ഒറ്റകക്ഷി അല്ലാതായിരുന്നിട്ടും മണിപ്പൂരിലും ഗോവയിലും അവകാശവാദം നടത്താനും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ലഭിച്ച ബിജെപിയുടെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. അതിനാല്‍ തന്നെ ഗവര്‍ണറുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരാണ് എങ്കില്‍ അത് രാഷ്ട്രീയ തീരുമാനമാണെന്ന വിലയിരുത്തലിലേക്കാവും ബിജെപിയും ജനതാദളും എത്തുക.
വാജുഭായ് വാല എന്ന ഗവര്‍ണറുടെ രാഷ്ട്രീയം കൂടിയാകും ഇതിനോടൊപ്പം വിമര്‍ശിക്കപ്പെടുക. ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വാജുഭായ് വാല 1971 മുതല്‍ ജനസംഘം പ്രവര്‍ത്തകനായിരുന്നു. ബിജെപി ടിക്കറ്റില്‍ ദീര്‍ഘകാലം ഗുജറാത്ത് നിയമസഭാംഗവും വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തപ്പോള്‍ രാജ്കോട്ട്-2 എന്ന തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത ചരിത്രവുമുണ്ട് ഈ എണ്‍പതുകാരന്.
ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ നിലനില്‍ക്കുകയാണ്. അനിശ്ചിതത്വം തുടരുമ്പോള്‍ തീരുമാനങ്ങള്‍ മുഴുവന്‍ ഇനി ഗവര്‍ണറെ മാത്രം ആശ്രയിച്ചാവും നീങ്ങുക. എന്തിരുന്നാലും ഒരു കാര്യം തീര്‍ച്ചയാണ്, വരുന്ന ദിവസങ്ങളിലെ താരം ഗവര്‍ണര്‍ തന്നെ.