ബജ്റംഗബലി കി ജയ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കര്‍ണാടകയിലെ ശിവമോഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. വൈകാതെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനും മോദി മറന്നില്ല. നുണപ്രചാരണങ്ങള്‍ ഫലിക്കാത്തതുകൊണ്ടുള്ള ഭയം കാരണമാണ് സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് കളത്തിലെത്തിച്ചതെന്ന് മോദി ആരോപിച്ചു.
സോണിയ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വാക്കുകള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് ഭയപ്പെട്ടിരിക്കുന്നു. അവരുടെ കള്ളങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇല്ലാത്തയാളുകളെ പോലും അവര്‍ എത്തിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തത്തം അങ്ങോട്ടും ഇങ്ങോട്ടും ചാരുകയാണ് കോണ്‍ഗ്രസ്, മോദി പറഞ്ഞു.
ഹുബല്ലിയില്‍ മേയ് ആറാം തീയതിയായിരുന്നു സോണിയ എത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2019 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സോണി തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ചിരുന്നു.
ഒരു രാഷ്ട്രിയ പാര്‍ട്ടികളും അവരുടെ പരിപാടികള്‍ രാവിലെ 11 മണിക്ക് മുന്‍പ് നടത്താന്‍ ആഗ്രഹിക്കില്ല. പക്ഷെ ഇന്ന് നീറ്റ് പരീക്ഷയായതിനാല്‍ നമ്മള്‍ കഴിവതും നേരത്തെ റോഡ്ഷൊ ആരംഭിച്ചു. നമ്മുടെ പരീക്ഷ മേയ് പത്തിനായിരിക്കാം, പക്ഷെ വിദ്യാര്‍ഥികളുടെ പരീക്ഷയുടെ കാര്യം മറക്കരുതെന്ന് ഞാന്‍ പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു, മോദി വ്യക്തമാക്കി.
ബംഗളൂരുവിലെ പരിപാടിയില്‍ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ വികസം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പെണ്‍കുട്ടികളുടെ പഠനം, സ്ത്രീകളുടെ ശാക്തീകരണം എന്നിവ പിന്നോട്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കായി ശൗചാലയം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് തയാറാവാത്തതിനാല്‍ പലരും പഠനം ഉപേക്ഷിച്ചു. എന്നാല്‍ ഈ അനീതി തുടച്ചു നീക്കി. ഇപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നു, മോദി അവകാശപ്പെട്ടു.
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാസവളങ്ങളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടായെന്നും എന്നാല്‍ കേന്ദ്രം കര്‍ഷകര്‍ക്ക് അനുകൂലമായുള്ള നിലപാടാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.