ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ സസ്പെന്‍സ് തുടരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ നല്‍കുന്ന വിശദീകരണം. സിദ്ധരമായ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ശിവകുമാര്‍ യാത്ര ഒഴിവാക്കിയതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അതേസമയം വിമത നീക്കത്തിനില്ലെന്ന സൂചനകളാണ് ശിവകുമാര്‍ നല്‍കുന്നത്. “എനിക്ക് സ്വന്തമായി എംഎല്‍എമാരില്ല. എംഎല്‍എമാരുടെ അഭിപ്രായം എനിക്കറിയില്ല. ഞങ്ങള്‍ക്ക് ആകെ 136 എംഎല്‍എമാരാണുള്ളത്. എല്ലാവരും കോണ്‍ഗ്രസ് എംഎല്‍എമാരാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിനാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം,” ശിവകുമാര്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതി അംഗങ്ങള്‍ ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ടു. ഖാര്‍ഗയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മൂന്നംഗ സമിതിക്കൊപ്പം ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ചയുടെ ഭാഗമായി.
എംഎല്‍എമാരുമായുള്ള ആശയവിനിമയത്തിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ആറ് നേതാക്കള്‍ പരിശോധിച്ചതായാണ് വിവരം. കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരാകണമെന്നതില്‍ എംഎല്‍എമാര്‍ പങ്കുവച്ച അഭിപ്രായം മല്ലികാര്‍ജുന്‍ ഖാര്‍ഗയെ നിരീക്ഷണ സമിതി അംഗങ്ങള്‍ ധരിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കർണാടകയിൽ മുഖ്യമന്ത്രി പദം പങ്കിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ.ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായാണ് വിവരം.
തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്..