മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച് ഡി ദേവഗൗഡയ്ക്ക് ഇപ്പോള്‍ പ്രായം 90 വയസാണ്. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരു വേദിയിലേക്ക് കയറാനൊ ഇറങ്ങാനൊ അദ്ദേഹത്തിന് കഴിയില്ല. പക്ഷെ മൈക്ക് കൈകളിലേക്ക് വന്ന് കഴിഞ്ഞ ദേവഗൗഡയിലേക്ക് പഴയ വീര്യമെത്തും.
കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ നാല് മാസമായി തിരഞ്ഞെടുപ്പ് ജോലികളിലാണ്. ജോലിഭാരം വര്‍ധിച്ചതോടെ തളര്‍ച്ച അനുഭവപ്പെട്ട കുമാരസ്വാമി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ 90-ാം വയസില്‍ തിരഞ്ഞെടുപ്പ് പോരിന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുകയാണ ദേവഗൗഡ.
തന്റെ പ്രചാരണത്തിന്റെ ആദ്യ ദിവസം 1994-ൽ 11 നിയമസഭാ സീറ്റുകളിൽ ഒമ്പതും ജെഡി(എസ്) വിജയിച്ച ജില്ലയായ തുംകൂരിലെ സിറ താലൂക്കിലേക്ക് ബംഗളൂരുവിൽ നിന്ന് ഹെലികോപ്റ്ററിലാണ് ദേവഗൗഡ എത്തിയത്. മേഖലയില്‍ വിജയസാധ്യത പരിഗണിച്ച് പാര്‍ട്ടിയെ സജീവമാക്കുകയാണ് ദേവഗൗഡ.
11 മണ്ഡലങ്ങളിലും സ്വാധീനമുള്ള ജനവിഭാഗമാണ് വോക്കലിഗകള്‍. ഓരോ മണ്ഡലത്തിലും വോക്കലിഗകളുടെ ജനസംഖ്യ 10 മുതല്‍ 40 ശതമാനം വരെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വോക്കലിഗ നേതാവായി അറിയപ്പെടുന്നത് ദേവഗൗഡയാണ്.
പ്രബലരായ ലിംഗായത്ത് സമുദായത്തിൽപ്പെട്ട ഒരാളായിരിക്കും മുഖ്യമന്ത്രിയാകാൻ പാര്‍ട്ടി തിരഞ്ഞെടുക്കുന്നതെന്ന എന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവന വൊക്കലിഗ വിഭാഗത്തിന്റെ വോട്ട് നേടാന്‍ സഹായിക്കുന്നെന്നും ജെഡി (എസ്) പ്രതീക്ഷിക്കുന്നു.
ദിവസവും 50 കിലോ മീറ്ററിലധികം യാത്ര ചെയ്താണ് ദേവഗൗഡ റാലികളിലും മറ്റും പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ നേട്ടങ്ങളെ എടുത്ത് കാണിക്കാനാണ് ദേവഗൗഡ കൂടുതലും ശ്രമിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് കാരണം കോൺഗ്രസുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.
“90-ാം വയസിലാണ് ഞാന്‍ ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് മേയ് 10-നാണ്. മേയ് എട്ടാം തീയതി വൈകുന്നേരം വരെ ഞാന്‍ പ്രവര്‍ത്തിക്കും,” ദേവഗൗഡ പറഞ്ഞു.
തന്റെ മകനെ മുഖ്യമന്ത്രിയായി കാണാനുള്ള അതിയായ ആഗ്രഹമല്ല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. “മകന്‍ ഇതിനോടകം തന്നെ രണ്ട് തവണ മുഖ്യമന്ത്രിയായി. പക്ഷെ ഒരു വെല്ലുവിളി ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കാന്‍ കുമാരസ്വാമിക്ക് മാത്രമെ കഴിയു,” ദേവഗൗഡ വ്യക്തമാക്കി.
ആൾക്കൂട്ടത്തിലെ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു, “താലൂക്ക്, ജില്ലാ, ഗ്രാമപഞ്ചായത്തുകളിൽ ആരാണ് നിങ്ങൾക്ക് സംവരണം നൽകിയത്? ആരാണ് മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകിയത്? ദയവായി സത്യം പറയൂ. ഞങ്ങൾ സത്യസന്ധമായ രീതിയിൽ ജീവിച്ചു, അതേ രീതിയിൽ മരിക്കും,” അദ്ദേഹം പറയുന്നു.
കർണാടകയിലെ ബിജെപി സർക്കാർ അടുത്തിടെ മുസ്ലീം സംവരണം ഇല്ലാതാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ് മേയ് ഒൻപത് വരെ സുപ്രീം കോടതി സ്റ്റെ ചെയ്തിരിക്കുകയാണ്.