ബെംഗളൂരു: കര്‍ണാടകയില്‍ ദേശീയ നേതാക്കളെുടെ സാന്നിധ്യം കൊണ്ടുനിറഞ്ഞ നാല്‍പത് ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. വോട്ടര്‍മാരെ പിടിക്കാന്‍ പാര്‍ട്ടികളുടെ ശക്തികാണിച്ചുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും പ്രചാരണത്തിനും ശേഷം കര്‍ണാടക ബുധനാഴ്ചയാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. വോട്ടെണ്ണല്‍ മെയ് 13 നും നടക്കും.
തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ വ്യത്യസ്ത ഫലം നല്‍കുമ്പോള്‍ സംസ്ഥാനത്ത് ആരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമായി. പ്രചാരണത്തില്‍ അമിത് ഷാ, നദ്ദ എന്നിവരെ ഇറക്കിയെങ്കിലും അന്തിമ ഘട്ടത്തില്‍ മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
ബെംഗളൂരു നഗര വോട്ടര്‍മാരിലേക്ക് എത്തുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ മെഗാറോഡ് ഷോ. 26 കിലോമീറ്റര്‍ റോഡ്ഷോ ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കുറഞ്ഞത് 12 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു. ഇത്തവണ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 22 സീറ്റെങ്കിലും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപാമ്പ് പരാമര്‍ശം, ബജറംഗ് ദല്‍ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.
എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദവുമായി ബന്ധമുള്ളവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സംസ്ഥാനത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ജോലികള്‍ക്കായി കൈക്കൂലിക്ക് ‘നിരക്ക്’ നിശ്ചയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പരസ്യത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയുടെ തനിക്കെതിരെയുള്ള വിഷപാമ്പ് പ്രയോഗത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. കോണ്‍ഗ്രസ് എന്നെ 91 തവണ അധിക്ഷേപിച്ചു. അവര്‍ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസിന്റെ ബജ്‌രംഗദള്‍ നിരോധനമെന്ന വാഗ്ദാനം വിവാദമായത് അവസാനലാപ്പില്‍ പ്രചരണ ചൂട് കൂട്ടി. ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശം പകര്‍ന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാല്‍ ആര് ഭരിക്കണമെന്ന് ജെഡിഎസ് തിരുമാനിക്കാനാണ് സാധ്യത.
മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും ആകെ സംവരണം 50 ല്‍ നിന്ന് 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും അംഗീകരിക്കാനാവാത്ത പരിഷ്‌കാരങ്ങളും നിയമങ്ങളും ഒരു വര്‍ഷത്തിനകം പിന്‍വലിക്കും.വിദ്വേഷം പടര്‍ത്തുന്ന ബജ്‌റങ്ദളിനെ നിരോധിക്കും. ജാതി സെന്‍സസ് നടത്തുമെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പുറത്തിറക്കിയ പത്രികയില്‍ പറയുന്നു. ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും യഥാക്രമം 3000, 1500 രൂപ തൊഴില്‍രഹിത വേതനം എന്നിവയാണു മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നതിന് പുറമെ കര്‍ണാടകയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) കൊണ്ടുവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.
കൂടാതെ സുസ്ഥിരമായ ക്ഷേത്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാദേശിക ബിസിനസുകളെ നിയന്ത്രിക്കുന്നതും രിശോധിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്ത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമാണ് ക്ഷേത്ര പരിസരത്ത് കടകള്‍ നടത്തുന്നതില്‍ നിന്ന് മുസ്ലീങ്ങളെ നിരോധിക്കുക എന്നത്. അന്ന (ഭക്ഷ്യസുരക്ഷ), അഭയ (സാമൂഹിക ക്ഷേമം), അക്ഷര (വിദ്യാഭ്യാസം), ആരോഗ്യ (ആരോഗ്യം), അഭിവൃദ്ധി (വികസനം), ആദായ (വരുമാനം) എന്നിങ്ങനെ ആറ് തലങ്ങളിലാണ് ബിജെപി പ്രകടന പത്രിക വിഭജിച്ചിരിക്കുന്നത്. പോഷന്‍ യോജന പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിദിനം അര ലിറ്റര്‍ നന്ദിനി പാല്‍ നല്‍കുമെന്നത് വാഗ്ദാനങ്ങളിലൊന്നാണ്. സര്‍ക്കാര്‍ നടത്തുന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ഡയറി ബ്രാന്‍ഡിനെ ഗുജറാത്തിലെ അമുലുമായി ലയിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും അമുലിന്റെ സംസ്ഥാന പ്രവേശനം നന്ദിനിയുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തുമെന്ന ഭയത്തിനും ഇടയിലാണ് നീക്കം. പോഷന്‍ യോജന പ്രതിമാസ റേഷന്‍ കിറ്റുകളും 5 കിലോ അരിയും സൗജന്യമായി ഉറപ്പാക്കുന്നു. യുഗാദി, ഗണേശ ചതുര്‍ത്ഥി, ദീപാവലി മാസങ്ങളില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.