കർണാടകയിൽ കോൺഗ്രസ് വിജയത്തിലേക്ക് നീങ്ങുമ്പോൾ, അതിലേക്ക് പാർട്ടിയെ നയിച്ച ഏഴ് പ്രധാന കാര്യങ്ങൾ:
ശ്രദ്ധാപൂർവ്വം തയാറാക്കിയ ഐക്യ സന്ദേശം
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ 75-ാം ജന്മദിനത്തിൽ ആഘോഷവേദിയിൽ വച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ രാഹുൽ ഗാന്ധി ഡി കെ ശിവകുമാറിനോട് പറയുമ്പോൾ അത് കർണാടകയിലെ കോൺഗ്രസ് വൃത്തങ്ങളിൽ ചിരിയുണർത്തുകയും ബിജെപിയിൽ നിന്നു പരിഹാസമുയർത്തുന്നതിനും കാരണമായിരുന്നു. കർണാടക കോൺഗ്രസിലെ ഈ പ്രധാന നേതാക്കൾ തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.
സിദ്ധരാമയ്യയുടെ ജന്മദിനം അദ്ദേഹത്തിന്റെ അനുയായികൾ ഗംഭീരമായി ആഘോഷിക്കുന്നുവെന്ന പ്രഖ്യാപനം ശിവകുമാറിന് സന്തോഷകരമായിരുന്നില്ല. വ്യക്തികളെ ആരാധിക്കുന്നതിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കമാൻഡ് ഇടപെടുകയും രാഹുലും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് അതൊരു ഐക്യപരിപാടിയാക്കി മാറ്റുകയുമായിരുന്നു.
പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കാൻ സംസ്ഥാനങ്ങളിൽ പരസ്പരം പോരാടുന്ന നേതാക്കളോട് കോൺഗ്രസ് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കർണാടകയിലെന്നപോലെ അത് ഏകോപിപ്പിക്കുന്നത് ഇതാദ്യമാണ്.
ഒക്ടോബറിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ ശിവകുമാറും സിദ്ധരാമയ്യയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് അത്തരത്തിലുള്ള രണ്ടാമത്തെ സംഭവമായിരുന്നു. ആദ്യ ഘട്ടത്തിലെങ്കിലും ഇരുവരും ഒരുമിച്ച് പ്രജാധ്വനി യാത്ര നടത്തണമെന്ന് ഹൈക്കമാൻഡ് നിർബന്ധിച്ചു. അങ്ങനെ അവരുടെ നേതൃത്വത്തിൽ യാത്ര ആരംഭിക്കുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളും സന്ദർശിക്കുകയും ചെയ്തു. തുടർന്ന് മിക്കവാറും എല്ലാ നിയോജക മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക യാത്രകളും നയിച്ചു.
“ഇരുവർക്കും ഇടയിൽ വലിയൊരു വിടവുണ്ടായിരുന്നു. അതാണ് ഞങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയിരുന്നത്. പ്രചാരണ വേളയിൽ, അത്തരത്തിൽ നിരവധി ഏകോപിത സംയുക്ത പ്രകടനങ്ങൾ ഉണ്ടായിരുന്നു,”ഒരു മുതിർന്ന നേതാവ് പറഞ്ഞു.
സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള ഏറെ ചർച്ച ചെയ്യപ്പെട്ട വീഡിയോ സംഭാഷണം അത് മെച്ചപ്പെടുത്തി. പരസ്പരം നല്ലത് മാത്രം പറയുക എന്നതായിരുന്നു പ്രചാരണത്തിന്റെ മധ്യത്തിൽ, കോൺഗ്രസ് ഇരുവരോടും ആവശ്യപ്പെട്ടത്.
“ഡി കെ അത് ഒരു വീഡിയോ ആക്കി മാറ്റികയും അത് ഹൈക്കമാൻഡ് സമ്മതിക്കുകയും ചെയ്തു. തന്റെ പബ്ലിസിറ്റിയ്ക്കായി ഏർപ്പെടുത്തിയിരുന്ന ഡിസൈൻബോക്‌സ്ഡ് എന്ന ഏജൻസി തന്നെ വീഡിയോ ചിത്രീകരിക്കണം എന്നതായിരുന്നു ഡികെയുടെ ഏക നിബന്ധന. പാർട്ടി അതിന് അനുമതി നൽകുകയും ചെയ്തു,”മറ്റൊരു നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള സംസാരം വേണ്ടെന്നു ഇരുവർക്കും നിർദേശം ലഭിച്ചിരുന്നു. ഒടുവിൽ, പോളിംഗിന് ഒരു ദിവസം മുൻപ്, ഹൈക്കമാൻഡിന്റെ നിർബന്ധത്തിന് വഴങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും അവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടു.
അഞ്ച് ഉറപ്പുകൾ, സ്ത്രീകളിലും യുവാക്കളിലും ശ്രദ്ധ കേന്ദ്രീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപിയുടെ വലിയ വോട്ട് ബാങ്ക് സ്ത്രീകളും യുവാക്കളുമാണ്. ഇതിൽ വിള്ളൽ ഉണ്ടാക്കാൻ കോൺഗ്രസ് മുന്നേറ്റം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പാർട്ടി ശ്രമിച്ചു. എഐസിസി മുൻ കമ്മ്യൂണിക്കേഷൻ തലവൻ രൺദീപ് സുർജേവാല സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതും സഹായകമായി.
പാർട്ടി അതിന്റെ പ്രധാന വാഗ്ദാനങ്ങൾ വളരെ നേരത്തെ തന്നെ പരസ്യമാക്കാൻ തീരുമാനിച്ചു. പ്രധാന വ്യക്തികൾ തന്നെ പ്രഖ്യാപനങ്ങൾ നടത്താനും തീരുമാനിച്ചു.
സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്നതിനാണ് ഈ വാഗ്ദാനങ്ങൾ രൂപപ്പെടുത്തിയത്. ഇത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പോളിംഗ് സ്റ്റേഷനുകൾക്ക് സമീപമുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബൂത്തുകളിൽ ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിക്കുന്നതും. ശിവകുമാർ സിലിണ്ടറിനായി പ്രാർത്ഥന നടത്തിയ ആശയങ്ങളെല്ലാം ഈ പദ്ധതിയുടെ ഭാഗമായിരുന്നു.
ജനുവരിയിൽ നടന്ന സ്ത്രീകളുടെ കൺവെൻഷനിൽ, സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ വാഗ്ദാനം ചെയ്യുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതി പ്രിയങ്ക ഗാന്ധി വദ്ര പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് ശേഷം, സിദ്ധരാമയ്യയും ശിവകുമാറും യാത്ര ആരംഭിച്ചപ്പോൾ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന രണ്ടാമത്തെ വാഗ്ദാനവും പാർട്ടി അവതരിപ്പിച്ചു. ആദ്യത്തെ രണ്ട് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതോടെ, ചെക്കിന്റെ രൂപത്തിൽ പാർട്ടി “ഗ്യാരന്റി കാർഡുകൾ” അച്ചടിച്ചു പ്രചരിപ്പിച്ചു.
ഫെബ്രുവരിയിൽ, ഒരു മാസത്തിനുശേഷം, ശിവകുമാർ മൂന്നാമത്തെ ഗ്യാരണ്ടി പ്രഖ്യാപിച്ചു. ‘അന്ന ഭാഗ്യ’ പദ്ധതി പ്രകാരം ഓരോ ബിപിഎൽ കുടുംബാംഗങ്ങൾക്കും പ്രതിമാസം 10 കിലോ സൗജന്യ അരി വാഗ്ദാനം ചെയ്തു. മാർച്ചിൽ ബെലഗാവിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുലാണ് നാലാമത്തെ വാഗ്ദാനം പ്രഖ്യാപിച്ചത്. ബിരുദമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് എല്ലാ മാസവും 3,000 രൂപ നൽകുന്ന ‘യുവ നിധി’ പദ്ധതി. സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ് എന്ന അഞ്ചാമത്തെ വാഗ്ദാനവും പ്രചാരണത്തിനിടയിൽ രാഹുലാണ് പ്രഖ്യാപിച്ചത്.
അഴിമതിയും ഹൈപ്പർ-ലോക്കൽ ക്യംപെയ്നും
ഗ്യാരണ്ടികൾ തിരിച്ചറിയുന്നത് പോലെ, പ്രശ്‌നങ്ങളിലെ പരിഹാര മാർഗങ്ങളും ഏതാണ്ട് ഒരു വർഷം മുമ്പേ ആരംഭിച്ചു. ഉദാഹരണത്തിന്, ബസവരാജ് ബൊമ്മൈ സർക്കാരിനെതിരായ പ്രധാന ആരോപണമായിരുന്നു അഴിമതി. ബി ജെ പി സർക്കാരിനെതിരെ ഒരു വിവരണം നേരത്തെ തന്നെ സജ്ജീകരിക്കുകയും പ്രചാരണത്തിന്റെ അവസാനം വരെ അതിനെ ചുറ്റിപ്പറ്റിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം.
കഴിഞ്ഞ വർഷം സെപ്തംബറിൽ, ക്യുആർ കോഡുകളും കർണാടക മുഖ്യമന്ത്രിയുടെ ചിത്രങ്ങളുമുള്ള “പേസിഎം” പോസ്റ്ററുകൾ ബംഗളൂരുവിലുടനീളം പ്രത്യക്ഷപ്പെട്ടു. “40 ശതമാനം കമ്മീഷൻ സർക്കാർ” എന്ന ആരോപണം കോൺഗ്രസ് നേതാക്കൾ പരസ്യമാക്കി.
രാഹുൽ ആദ്യ പ്രസംഗങ്ങളിൽ അദാനി വിഷയവും ജാതി സെൻസസ് വിഷയവും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നു. ജാതി സെൻസസിന് സ്വീകാര്യതയുണ്ടെങ്കിലും അദാനി പ്രശ്നത്തിന് കാര്യമായ സ്വാധീനമില്ലെന്നായിരുന്നു ആഭ്യന്തര വിലയിരുത്തൽ. എന്നാൽ പ്രചാരണം ഹൈപ്പർ ലോക്കൽ നിലനിർത്താനും മോദിയിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചു. അതിനാൽ, രാഹുൽ ഉടൻ തന്നെ തിരുത്തലുകൾ വരുത്തുകയും പിന്നീടുള്ള പ്രസംഗങ്ങളിൽ പ്രാദേശിക പ്രശ്നങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
പ്രിയങ്കയും തിരക്കഥയ്ക്ക് അനുസൃതമായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് കർണാടകയെക്കുറിച്ചാണ്, മോദിയല്ലെന്ന് ആവർത്തിച്ച് പറഞ്ഞു. പ്രധാനമന്ത്രിയെ വിഷപ്പാമ്പെന്ന് ഖാർഗെ വിശേഷിപ്പിച്ചതോടെ ഇതിൽ അൽപ്പം തെറ്റുപ്പറ്റിയെങ്കിലും ഉടനെ തന്നെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ബി ജെ പിയും മോദിയും ഈ വിഷയം ഏറ്റെടുക്കുകയും തന്റെ പാർട്ടി സമാഹരിച്ച പട്ടിക പ്രകാരം കോൺഗ്രസ് “91 തവണ” തന്നെ ടാർഗെറ്റുചെയ്‌തതായി പ്രധാനമന്ത്രി അവകാശപ്പെടാൻ ഒരുങ്ങിയെങ്കിലും കോൺഗ്രസ് വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കി.
ജെഡി(എസ്)നെതിരായ മൗനം
2018ലെ തിരഞ്ഞെടുപ്പിൽ ജെഡി(എസ്)നെ ബിജെപിയുടെ ബി ടീമെന്ന് രാഹുൽ തന്നെ വിളിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഇത്തവണ ജെഡി(എസ്)നോട് തന്ത്രപരമായ മൗനം പാലിച്ചു.
കോൺഗ്രസ് ബോധപൂർവം തിരഞ്ഞെടുപ്പിനെ കോൺഗ്രസ്-ബിജെപി പോരാട്ടമാക്കി മാറ്റി. “ജെഡി(എസ്) വോട്ട് ബാങ്ക് പ്രാഥമികമായി വൊക്കലിഗകളും ദളിതരും മുസ്ലീങ്ങളും അടങ്ങുന്നതാണ്. ജെഡി(എസ്)നും ഗൗഡമാർക്കും നേരെയുള്ള ആക്രമണം തിരിച്ചടിയാകുമായിരുന്നു. ഞങ്ങളുടെ ഉന്നത നേതാക്കൾ ജെഡി (എസ്) നെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു,”ഒരു നേതാവ് പറഞ്ഞു.
മൈസൂരിലും ബംഗളുരുവിലുമായി 90-ഓളം സീറ്റുകളിൽ കോൺഗ്രസ് ജെഡി(എസുമായി) നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. എന്നാൽ ബിജെപി സർക്കാരിനെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന പ്രതീതി പാർട്ടി സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, ചില മുൻ ജെഡി (എസ്) നേതാക്കൾക്ക് സീറ്റ് നൽകുകയും ചെയ്തു.
ബജ്റംഗ്ദളും അപ്രതീക്ഷിത മുസ്ലീം ഏകീകരണവും
നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സമീകരിക്കുന്ന പ്രകടനപത്രികയിൽ ബജ്‌റംഗ്ദളിന്റെ പരാമർശം “ഒഴിവാക്കാവുന്ന”തായിരുന്നെന്ന് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ സ്വകാര്യമായി സമ്മതിച്ചിരുന്നു. ബജ്‌റംഗ്ദൾ പരമാർശം ആസൂത്രിത നീക്കമല്ലെന്ന് പല നേതാക്കളും പറഞ്ഞപ്പോൾ, അത് മുസ്ലീങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ജെഡി (എസ്) അധികാരമുള്ള സീറ്റുകളിൽ എതിർ ധ്രുവീകരണത്തിന് കാരണമായെന്ന് പാർട്ടി പെട്ടെന്ന് മനസ്സിലാക്കി.
“ഇത് മനഃപൂർവം ചെയ്തതതായിരുന്നില്ല. പിഎഫ്ഐ വിഷയത്തിൽ ബിജെപി ഞങ്ങളെ ലക്ഷ്യം വയ്ക്കുകയായിരുന്നു. സിദ്ധരാമയ്യ സർക്കാർ പിഎഫ്‌ഐയോട് മൃദുവായ സമീപനമാണെന്നും അധികാരത്തിൽ വന്നാൽ അത്തരം തീവ്ര ശക്തികൾക്ക് സ്വാതന്ത്ര്യം നൽകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. അതുകൊണ്ട് പിഎഫ്ഐ പ്രശ്നത്തെ ഏതെങ്കിലും വിധത്തിൽ പരിഹരിക്കേണ്ടി വന്നു. പിഎഫ്‌ഐയ്‌ക്കൊപ്പം ബജ്‌റംഗ് ദളിന്റെ പേര് നൽകിയത് ഒരു സന്തുലിത പ്രവർത്തനമായിരുന്നു,”ഒരു നേതാവ് പറഞ്ഞു.
ബജ്‌റംഗ്ദളിന്റെ ആരോപണം ഉണ്ടായിരുന്ന പ്രകടനപത്രിക പുറത്തുവന്നതോടെ ജനങ്ങളുടെ പ്രതികരണം അറിയാൻ പാർട്ടി നടത്തിയ സർവേയിൽ തീരദേശത്തിന് പുറത്ത് ഈ വിഷയത്തിന് യാതൊരു പ്രതിധ്വനിയും ഇല്ലെന്ന് കണ്ടെത്തി. തീരദേശത്ത് ചെറിയ രീതിയിൽ ഉള്ള പ്രതിഷേധമാണ് നടന്നതെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ്
സമീപകാല ചരിത്രത്തിലാദ്യമായി, തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പകുതിയിലധികം സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം പാർട്ടി രൂപീകരിച്ച എ കെ ആന്റണി പാനൽ ഉൾപ്പെടെ നിരവധി കമ്മിറ്റികൾ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത നിർദ്ദേശിച്ചിരുന്നു. എന്നാൽ മുൻകാലങ്ങളിൽ ഇത് ഒരിക്കലും ചെയ്തിട്ടില്ല. സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കുക എന്നതിനർത്ഥം അവർക്ക് തയാറെടുക്കാൻ മതിയായ സമയം നൽകുക എന്നതാണ്.
നേരത്തെ കർണാടകയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സുർജേവാലയും സംസ്ഥാനത്ത് ക്യാംപ് ചെയ്തതോടെ പ്രത്യേക വിമത മാനേജ്മെന്റ് സംവിധാനം സജീവമായി. ഇരുവരും സിദ്ധരാമയ്യയ്ക്കും ഡികെയ്ക്കും ഒപ്പം അസന്തുഷ്ടരായ നിരവധി നേതാക്കളുമായി സംസാരിക്കുകയും മത്സരിക്കുന്നതിനെതിരെ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും, പ്രാരംഭ ഘട്ടത്തിൽ കുറഞ്ഞത് മൂന്ന് ഡസൻ വിമതർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.
തുടർന്ന് വേണുഗോപാലും സുർജേവാലയും വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്യുകയും മൈസൂരിലെ മുൻ എം.എൽ.എ വസു ഉൾപ്പെടെ എല്ലാവരേയും വ്യക്തിപരമായി സമീപിക്കുകയും ചെയ്തു. നാമനിർദേശ പത്രിക സമർപ്പിച്ച ഭൂരിപക്ഷം വിമതരും പിൻവലിക്കാൻ സമ്മതിച്ചു. അവസാനത്തോടെ വിമതരുടെ എണ്ണം 7-8 ആയി കുറയ്ക്കാൻ നേതാക്കൾക്ക് കഴിഞ്ഞു.
തന്ത്രപരമായ പ്രേരണകളും തീരുമാനങ്ങളും
ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരുൾപ്പെടെ നിരവധി ബിജെപി, ജെഡി (എസ്) നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുന്നതിൽ ഡികെ പ്രധാന പങ്കുവഹിച്ചതായി വൃത്തങ്ങൾ പറഞ്ഞു. മറ്റ് പാർട്ടികളിലെ ദുർബലരായ 50-ഓളം നേതാക്കളുടെ പട്ടിക പാർട്ടിക്ക് ഉണ്ടെന്ന് ഒരു നേതാവ് പറഞ്ഞു. “എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിൽനിന്നു നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു. ഇത് പാർട്ടി തകർന്നുകൊണ്ടിരിക്കുകയാണെന്ന സന്ദേശം പ്രചരിപ്പിക്കാൻ ബി ജെ പിയെ സഹായിച്ചു. ഇത്തവണ ഞങ്ങൾ ആ കളി കളിച്ചു,”ഒരു നേതാവ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞേക്കില്ല. “ഇവിടെ, പ്രാദേശിക നേതൃത്വം ശക്തമായതിനാൽ ചെയ്യാൻ കഴിഞ്ഞു.”
ജഗദീഷ് ഷെട്ടർ കാര്യത്തിൽ, എം ബി പാട്ടീലും ഷാമനൂർ ശിവശങ്കരപ്പയും പ്രധാന പങ്കുവഹിച്ചു. ശിവശങ്കരപ്പയുടെ കൊച്ചുമകളിൽ ഒരാളെ ഷെട്ടാറിന്റെ മകനാണ് വിവാഹം കഴിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റൊരു കൊച്ചുമകളെ വിവാഹം കഴിക്കുന്ന പാട്ടീലിന്റെ മൂത്ത മകനാണ്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിരവധി ബി ജെ പി നേതാക്കളും കോൺഗ്രസിലേക്ക് മാറാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവർ ചോദിക്കുന്ന സീറ്റുകൾ നൽകാൻ കഴിയാത്തതിനാൽ അവരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സിദ്ധരാമയ്യയ്‌ക്കെതിരെയും കെസി നാരായണ ഗൗഡയ്‌ക്കെതിരെയും മത്സരിക്കുന്ന വി സോമണ്ണ ഇവരിൽ ഉൾപ്പെടുന്നു.
തുടർന്ന് പാർട്ടി ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തു. മുഖ്യമന്ത്രി ബൊമ്മൈയ്‌ക്കെതിരെ മത്സരിക്കാനാണ് ഡികെയുടെ ആഗ്രഹമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബൊമ്മൈക്കെതിരെ വിനയ് കുൽക്കർണിയെ മത്സരിപ്പിക്കുന്നതും പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ ബൊമ്മൈയ്ക്കെതിരെ മറ്റൊരു പ്രമുഖനായ വ്യക്തി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചു. അത് പോരാട്ടം വ്യക്തിപരമാക്കാൻ സാധ്യതയുള്ളത് കൊണ്ടാണ്. “ശിവകുമാറിനെ അദ്ദേഹത്തിന്റെ സീറ്റിൽ തന്നെ ഒതുക്കാൻ ഞങ്ങളും ആഗ്രഹിച്ചില്ല. അദ്ദേഹം ഞങ്ങളുടെ സ്റ്റാർ പ്രചാരകനായിരുന്നു. അതിനാൽ അദ്ദേഹം എല്ലായിടത്തും സജീവമാകണമെന്നും ഞങ്ങൾ ആഗ്രഹിച്ചു,”മറ്റൊരു നേതാവ് പറഞ്ഞു.
സിദ്ധരാമയ്യയെയോ ഡികെയെയോ രണ്ട് സീറ്റിൽ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു തീരുമാനം. “അവർ സുരക്ഷിതമായ സീറ്റുകൾ തേടുകയാണെന്ന് സന്ദേശമാണ് ഇതിലൂടെ ലഭിക്കുക. അവർ കൂടുതൽ സജീവമാക്കുന്നതിനും ഒരു സീറ്റിൽ മത്സരിക്കുന്നതാണ് നല്ലത്. സിദ്ധരാമയ്യ വരുണയിൽ രണ്ടോ മൂന്നോ ദിവസമാണ് ചെലവഴിച്ചത്.” ഒരു നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ പാർട്ടി അഞ്ച് സോണുകളായി വിഭജിച്ചു. ഓരോ പ്രദേശവും ഒരു വർക്കിംഗ് പ്രസിഡന്റിന് കീഴിലാക്കി. രാമലിംഗ റെഡ്ഡി, ഈശ്വർ ഖന്ദ്രെ, സലീം അഹമ്മദ്, സതീഷ് ജാർക്കിഹോളി, ആർ ധ്രുവനാരായണ( എഐസിസി സെക്രട്ടറി) എന്നിവരാണ് സോണുകൾ നിയന്ത്രിച്ചത്.
“മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാഹുലോ പ്രിയങ്കയോ മറ്റ് മുതിർന്ന നേതാക്കളോ പരമാവധി ഡിമാൻഡ് ഉള്ള മണ്ഡലങ്ങളിലേക്ക് പോയിരുന്നതിൽനിന്നു, ഇത്തവണ മറ്റു പ്രദേശങ്ങളിലേക്ക് അയച്ചു,” ഒരു നേതാവ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തെ മുന്നിൽ നിർത്തി പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വ്യക്തമായ ശ്രമം നടന്നിരുന്നു.