ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര.  ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി എന്നാണ് താന്‍ കരുതുന്നത് എന്ന് ഇന്നലെ സ്ഥാനമേറ്റ ഉപമുഖ്യമന്ത്രി പറഞ്ഞു.

“കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ അടക്കം ഞങ്ങള്‍ തോക്കുകയുണ്ടായി. എനിക്കും ഞങ്ങളുടെ പല നേതാക്കൾക്കും തോന്നുന്നത് ബിജെപി വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയെന്നാണ്. ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെടും. ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണം എന്നും ആവശ്യപ്പെടും,” പരമേശ്വര പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ജനതാദൾ (എസ്) പിന്തുണക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍ആര്‍ നഗറിലെയും ബിജെപി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ജയനഗറിലെ തിരഞ്ഞെടുപ്പും മെയ് 28ലേക്ക് മാറ്റിവച്ചിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ അക്കാര്യത്തിൽ തന്റെ ജാതിക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു പരമേശ്വരയുടെ മറുപടി. “ഞാനൊരു ദലിതന്‍ ആയതുകൊണ്ടാണ്‌ എനിക്ക് ഉപമുഖ്യമന്ത്രി പദം ലഭിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ദലിതനാണ് എന്നത് എന്റെ കൈയ്യിലുള്ള കാര്യമല്ല” ഇന്നലെ കര്‍ണാടക ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ കോൺഗ്രസ് നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ