ബെംഗളൂരു: കർണാടകയിലെ ബിദാർ ജില്ലയിൽ ദസറ ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടം മഹമൂദ് ഗവാൻ മദ്രസയിലേക്ക് അതിക്രമിച്ചു കയറി പൂജ നടത്തി. സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ഒരു കൂട്ടം ആളുകൾ മദ്രസയ്ക്കുള്ളിൽ പൂജ നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ നടപടി തേടി മുസ്ലിം സമുദായത്തിലെ അംഗങ്ങൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മദ്രസയ്ക്കുള്ളിൽ ജനക്കൂട്ടം തേങ്ങ ഉടച്ചതിനെ തുടർന്ന് കേടുപാടുകൾ വന്നതായും അവർ ആരോപിച്ചു.
അതേസമയം, ഈ ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മദ്രസയിലേക്ക് അതിക്രമിച്ച് കടന്നതിന് ഒൻപത് പേർക്കെതിരെ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് മഹേഷ് മേഘന്നവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നാലെ മദ്രസയ്ക്കു പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള പൈതൃക കെട്ടിടമാണ് മദ്രസ. 1460-കളിൽ പണികഴിപ്പിച്ച ഈ പുരാതന നിർമ്മിതി, ബഹ്മനി സുൽത്താനേറ്റിന്റെ കീഴിലുള്ള ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ പ്രാദേശിക ശൈലിയെ പ്രതിഫലിപ്പിക്കുന്നു. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിൽ ഈ മദ്രസയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.