ന്യൂഡല്‍ഹി: കർണാടക തിരഞ്ഞെടുപ്പിൽ തുടക്കം മുതൽ തുടരുന്ന ട്വിസ്റ്റ് വീണ്ടും ആവർത്തിക്കുന്നു. കോൺഗ്രസ് എംഎൽഎയ്ക്ക് പണം വാഗ്ദാനം ചെയ്യുന്നത ിന്റെ ശബ്ദരേഖ പുറത്ത്. റയ്ച്ചൂർ റൂറൽ എംഎൽഎ ബാസനഗൗഡ ദഡല്ലയ്ക്ക്, ജനാർദൻ റെഡ്ഡി വൻ തുക വാഗ്ദാനം ചെയ്തുവെന്നാണ് ശബ്ദരേഖയെ അടിസ്ഥാനമാക്കി കോൺഗ്രസ് ആരോപിച്ചത്.
ബി ജെപി ബന്ധമുള്ള നേതാവായ ജനാർദൻ റെഡ്ഡി കർണാടകയിലെ ഏറ്റവും ധനവാനായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്. ബെല്ലാരിയുടെ ഇരുമ്പയിര് വ്യാപാരവുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ സ്ഥാപനം ആരോപണത്തിന്റെ നിഴലിലാണ്. ഇത്തവണ തിരഞ്ഞെടുപ്പ് വേളയിൽ ബെല്ലാരിയിൽ പ്രചാരണം നടത്താൻ അനുമതി തേടി ജനാർദൻ റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അനുമതി നൽകിയിരുന്നില്ല.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തർക്കം വീണ്ടും കോടതി കയറുന്നു. വിരാജ് പേട്ടയിൽ നിന്നുളള എംഎൽഎയായ ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയ നടപടി കീഴ്വഴക്കം തെറ്റിച്ചാണ് എന്ന് ആരോപിച്ചാണ് കോൺഗ്രസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ മുതിർന്നായളെ പ്രോ ടേം സ്പീക്കറാക്കുകയെന്ന കീഴ്വഴക്കം മറികടന്നാണ് ഈ നിയമനമെന്നാണ് പരാതി.
കർണാടകയിലെ ഏകാംഗ സർക്കാരിനു ദീർഘായുസ്സ് ഉണ്ടോയെന്ന കാര്യത്തിൽ ശനിയാഴ്ച തീരുമാനമാകും. ബിജെപിയുടെ വാദങ്ങള്‍ തളളിയ സുപ്രീം കോടതി ശനിയാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് നിര്‍ദേശിച്ചത്. ബി.എസ്.യെഡിയൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. നാളെ വൈകുന്നേരം 4 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതിയുടെ ഉത്തരവ്.
ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി നാളെ സഭ ചേരാനുളള നടപടികള്‍ കൈക്കൊളളുമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റുമെന്ന് 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടേതെന്ന് കോണ്‍ഗ്രസ് അഭിഭാഷകന് അഭിഷേക് സിങ്വി പ്രതികരിച്ചു. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു ഗവർണർക്ക് യെഡിയൂരപ്പ നൽകിയ കത്തുകൾ കോടതി പരിശോധിച്ചിരുന്നു. എന്നാല്‍ ബിജെപി കോടതിയില്‍ നല്കിയ രണ്ട് കത്തുകളില്‍ പിന്തുണ ഉളള എംഎല്‍എമാരുടെ പേരുകളില്ല.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാം എന്നാണ് റോഹ്ത്തഗി കോടതിയെ അറിയിച്ചത്. എംഎല്‍എമാരുടെ പട്ടിക കോടതിയെ കാണിക്കേണ്ടതില്ലെന്നും റോഹ്ത്തഗി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഹാജരാക്കിയ രേഖയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പിന്തുണയുളള എംഎല്‍എമാരുടെ പേരുകള്‍ ഉണ്ടെന്നും ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ പല എംഎല്‍എമാരുടേയും ഒപ്പ് വ്യാജമാണെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ കത്തില്‍ എംഎല്‍എമാരുടെ ഒപ്പില്ല എന്നാണ് കര്‍ണാടക ഗവര്‍ണര്‍ക്കായി ഹാജരായ തുഷാര്‍ മെഹ്ത അറിയിച്ചു.
കർണാടകയിൽ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും റോഹ്ത്തഗി വാദിച്ചു. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത കക്ഷിയെ എന്തിനാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ശനിയാഴ്ച സഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി അറിയിച്ചു. നാളെ ഒരു ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് നാളെ വിശ്വാസവോട്ട് നടത്താനാവില്ലെന്നാണ് ബിജെപി കോടതിയെ അറിയിച്ചത്. കൂടുതല്‍ സമയം വേണമെന്നും ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ ഖണ്ഡിച്ചു. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഭൂരിപക്ഷം ആദ്യം തെളിയിച്ചതിന് ശേഷം ഗവര്‍ണറുടെ വിവേചനാധികാരത്തെ കുറിച്ച് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ അവര്‍ക്ക് തന്നെയാവും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുക. എംഎല്‍എമാര്‍ക്ക് ഭയം കൂടാതെ വോട്ട് ചെയ്യാനുളള അവസരം ഒരുക്കണമെന്ന് കോൺഗ്രസ് കോടതിയോട് ആവശ്യപ്പെട്ടു. സഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പ് സുപ്രീം കോടതിയുടെ പരിശോധനയിലായിരിക്കും നടക്കുക. എങ്കില്‍ രഹസ്യ വോട്ടെടുപ്പ് നടക്കട്ടേയെന്ന് എജി കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.
സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാൻ ഇന്നലെ പുലർച്ചെ 5.30-ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവും കോടതി വിധിക്കു വിധേയമായിരിക്കുമെന്നു പാതിരാത്രിക്കു ശേഷം കേസ് വാദം കേട്ട മൂന്നംഗ സുപ്രീം കോടതി ബെഞ്ച് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി തുടക്കത്തിൽ ഗവർണറുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ചു. ഒടുവിൽ ബി.എസ്.യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങുകയായിരുന്നു.
കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളൂ. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീം കോടതി വിധികൾക്കും വിരുദ്ധമാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി. ഇത് സംശയകരമാണെന്നും അദ്ദേഹം വാദിച്ചു.
ഇതിനു മറുവാദമുയർത്തിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും ബിജെപിക്കു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയും സത്യപ്രതിജ്ഞ മാറ്റിവയ്ക്കരുതെന്ന് നിലപാട് സ്വീകരിച്ചു. നിലവിലെ പ്രശ്നങ്ങൾക്കൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്നും റോഹ്ത്തഗി പറഞ്ഞു. ഇത് ചോദ്യം ചെയ്ത കോടതി, ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. ഇതോടെയാണ് ഈ കാലാവധി വെട്ടിച്ചുരുക്കിയത്.