ബെംഗളൂരു: കർണാടകയിലെ വോട്ടർമാരെ ഏതൊക്കെ കുത്സിത മാർഗത്തിലൂടെ വശത്താക്കാം എന്ന് പാർട്ടി പ്രവർത്തകർക്ക് മനസ്സിലാക്കി കൊടുക്കുന്ന കർണാടക ബിജെപി നേതാവ് ഈശ്വരപ്പയുടെ വിഡിയോ പുറത്തായി. വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കോൺഗ്രസ് ഇതിനെ വിവാദമാക്കി.

“ജനങ്ങൾക്കായി ബിജെപി എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്തു എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. കേന്ദ്രത്തിൽ ബിജെപി സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കുക. ഇതൊന്നും നിങ്ങൾക്കറിയില്ലെങ്കിൽ വെറുതെ നുണ പറയുക. വാചകമടിക്കുക. നമ്മൾ രാഷ്ട്രീയക്കാരാണ്. നമുക്കൊന്നും അറിഞ്ഞുകൂടാ എന്ന് ജനങ്ങൾക്ക് തോന്നരുത്” കർണാടകത്തിലെ മുൻ ഉപമുഖ്യമന്ത്രിയും, മുതിർന്ന ബിജെപി നേതാവുമായ ഈശ്വരപ്പ അണികളെ ഉപദേശിച്ചു.

“വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന സമയത്തു പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ധൈര്യം കാണിച്ചിട്ടില്ല എന്നും, മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ, പാക്കിസ്ഥാൻ പട്ടാളം ഇന്ത്യൻ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തി എന്നും നിങ്ങൾ ജനങ്ങളോട് പറയണം”, ഈശ്വരപ്പ പറയുന്നു. “നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ പത്തു പാക്കിസ്ഥാൻ പട്ടാളക്കാരെ ഒറ്റയടിക്ക് തീർത്തു എന്ന കാര്യം നിങ്ങൾ ജനങ്ങളോട് പറയണം. വോട്ടർമാരുടെ വീട്ടിലെത്തുമ്പോൾ അവർ കോൺഗ്രസ് ചെയ്ത നല്ല കാര്യങ്ങൾ നമ്മളോട് പറഞ്ഞാൽ നമ്മൾ കടയുംപൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും”, ഇങ്ങനെ പോകുന്നു ഈശ്വരപ്പയുടെ ഉപദേശം.

നേതാവിന്റെ പ്രസംഗം കാണാം… വിഡിയോ

“വിഡിയോ പുറത്തായതിനെ തുടർന്ന് ബിജെപിയുടെ രാഷ്ട്രീയ ശുദ്ധിയേയും, അവർ ഉയർത്തിക്കാണിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളുടെ ആത്മാർത്ഥതയിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചു. ഇതാണ് ബിജെപിയുടെ രാഷ്ട്രീയ നയതന്ത്രമെന്നും സംസ്കാരമെന്നും കോൺഗ്രസ് പരിഹസിച്ചു. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ നിഴലിച്ചു നിൽക്കുന്നത് കള്ളത്തരങ്ങളും നുണയുമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അണികളെയും നുണ പറയാൻ ബിജെപി പഠിപ്പിക്കുകയാണ് എന്നും കോൺഗ്രസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഈശ്വരപ്പ തയ്യാറായില്ല. താൻ ബിജെപിയുടെ ആഭ്യന്തര യോഗത്തിൽ പങ്കെടുക്കുകയായിരുന്നുവെന്ന് മാത്രമാണ് ഇതേക്കുറിച്ച് ഈശ്വരപ്പ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ