ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്‌സഭയിലും ചര്‍ച്ചയാകുന്നു. എംഎല്‍എമാരുടേയും മന്ത്രിമാരുടേയും രാജിക്ക് പിന്നില്‍ ബിജെപിയാണെന്ന കോണ്‍ഗ്രസ് വാദം തളളി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ലോക്‌സഭ ആരംഭിച്ച ഉടന്‍ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി എത്തി. ബിജെപിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ഉന്നയിച്ചതോടെയാണ് കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി ലോക്‌സഭയില്‍ കോലാഹലത്തിന് ഇടവച്ചത്.

എന്നാല്‍ കര്‍ണാടകയില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ബിജെപിക്കല്ലെന്ന് ചൗധരിക്ക് രാജ്‌നാഥ് സിങ് മറുപടി നല്‍കി. തങ്ങളുടെ പാര്‍ട്ടിക്ക് കര്‍ണാടകയില്‍ നടക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. തങ്ങള്‍ ഒരിക്കലും കുതിരക്കച്ചവടത്തിന് മുതിര്‍ന്നിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അറിയിച്ചു.

രാജിവയ്ക്കുന്ന ട്രെന്‍ഡ് ആരംഭിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസില്‍ രാജിവയ്ക്കുന്ന ട്രെന്‍ഡ് ആരംഭിച്ചത് രാഹുല്‍ ഗാന്ധിയാണ്, ഞങ്ങളല്ല. അദ്ദേഹം തന്നെ മറ്റുള്ളവരോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ പോലും രാജി സമര്‍പ്പിക്കുന്നു,’ രാജ്‌നാഥ് സിങ് പറഞ്ഞു.

കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി വിമത എംഎല്‍എമാര്‍ക്ക് വഴിയൊരുക്കാന്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും ഇന്ന് രാജിവച്ചു.

Read More: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; 21 കോൺഗ്രസ് മന്ത്രിമാർ രാജിവച്ചു

നേരത്തെ കര്‍ണാടക മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ എച്ച്.നാഗേഷ് രാജിവയ്ക്കുകയും എച്ച്.ഡി.കുമാരസ്വാമിയുടെ സര്‍ക്കാരിനുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായും നാഗേഷ് വ്യക്തമാക്കി.

രാജി സ്വീകരിച്ചാല്‍ നിലവിലെ സഖ്യ ഭരണത്തിന് കേവല ഭൂരിപക്ഷം നഷ്ടമാകും. നാഗേഷ് പിന്തുണ പിന്‍വലിച്ചതിന് ശേഷം ജെഡി (എസ്) – കോണ്‍ഗ്രസ് സഖ്യത്തിന്റെ ആകെ കരുത്ത് 117 (കോണ്‍ഗ്രസ് -78, ജെഡി (എസ്) -37, ബിഎസ്പി -1, സ്വതന്ത്രര്‍-1) എന്നിങ്ങനെയാണ്.

കര്‍ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നാണ് ബിജെപി പറയുന്നത്. 105 എംഎല്‍എമാരുടെ പിന്തുണയില്‍ അടുത്ത തീരുമാനം എന്താണെന്ന് ഉടന്‍ അറിയിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ജൂലൈ 12 ന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook