ബെംഗളുരു: കോവിഡ് മൂലം മരിച്ച ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ടവരുടെ ഉറ്റവര്‍ക്കു വിതരണം ചെയ്യുന്ന നഷ്ടപരിഹാരത്തുകയ്ക്കുള്ള ചെക്കുകള്‍ മടങ്ങിയതായി കര്‍ണാടകയില്‍ പരാതി. സംഭവത്തില്‍ നടപടിക്കു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടു.
വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്കുകളാണു മടങ്ങിയത്. ചെക്കുകള്‍ മടങ്ങിയതിനു ബാങ്കുള്‍ കൃത്യമായ കാരണങ്ങള്‍ പറഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പിഴവ് ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”യാദ്ഗിര്‍ ജില്ലയില്‍ മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വ്യാഴാഴ്ചയാണ് പ്രശ്നം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പ്രശ്നം പരിശോധിച്ച് നഷ്ടപരിഹാരം ഉടന്‍ അനുവദിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണെന്നും ഷൊരാപൂര്‍ എംഎല്‍എ നരസിംഹ നായക് (രാജു ഗൗഡ) ഇന്ന് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. സംഭവം സര്‍ക്കാരിനു നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരസിംഹ നായക 2021 ഡിസംബര്‍ 17നാണു ചെക്കുകള്‍ കൈമാറിയത്.
Also Read: രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് മരിച്ച ബസന ഗൗഡയുടെ മകള്‍ അനിതയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കാണ് ലഭിച്ചത്. ” അക്കൗണ്ടുള്ള കര്‍ണാടക ഗ്രാമീണ ബാങ്കില്‍ ചെക്ക് നിക്ഷേപിച്ചു. പണം ക്രെഡിറ്റാവാന്‍ കാത്തിരിക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍, എസ്ബിഐയുമായി ബന്ധപ്പെടാനാണു ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദേശം,” അനിത പറഞ്ഞു.
എസ്ബിഐ യാദ്ഗിര്‍ ശാഖയിലെ ഉദ്യോഗസ്ഥക്കു ചെക്കിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. കുറച്ച് ദിവസത്തിനുശേഷം തനിക്ക് ചെക്ക് ലഭിച്ചു. ‘മറ്റു കാരണങ്ങളാല്‍’ ചെക്ക് മടങ്ങിയതായാണു രസീതില്‍ പറയുന്നുതെന്നും അനിത കൂട്ടിച്ചേര്‍ത്തു.
‘മറ്റു കാരണങ്ങളാല്‍’ തന്റെ ചെക്ക് മടങ്ങിയതായി കോവിഡ് മൂലം മരിച്ച മഹാദേവിയുടെ ബന്ധുവായ ഹനുമന്തുവും പറഞ്ഞു. ”എന്തുകൊണ്ടാണ് ചെക്ക് മടങ്ങിയതെന്നു ബാങ്ക് അധികൃതരോട് ചോദിച്ചെങ്കിലും അവര്‍ കൃത്യമായി പ്രതികരിക്കുന്നില്ല. പണം എങ്ങനെ ലഭിക്കുമെന്ന് അറിയില്ല. ബാങ്ക്, താലൂക്ക് ഉദ്യോഗസ്ഥര്‍ സഹായിക്കുന്നില്ല,” ഹനുമന്തു പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട വരുമാനക്കാരുടെ ഉറ്റബന്ധുക്കള്‍ക്ക്, മുഖ്യമന്ത്രിയായിരിക്കെ ബി എസ് യെദ്യൂരപ്പയാണു ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.