ബെംഗളൂരു: വി.കെ.ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജി ഡി.രൂപക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. രൂപ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതു വിവാദമായതിനു പിന്നാലെ ജയിൽ ഡിഐജി സ്ഥാനത്തുനിന്നു അവരെ മാറ്റിയതും വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടർന്നു രൂപ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെയും കർണാടക സർക്കാർ നിയമിച്ചു. രാജ് ഭവനിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണു ഗവർണർ വാജുഭായ് വാല മെഡൽ സമ്മാനിച്ചത്.

ജൂലൈയിലായിരുന്നു അന്നത്തെ ജയിൽ ഡിഐജിയായിരുന്ന രൂപ ശശികലയുടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ആഡംബര ജീവിതത്തെക്കുറിച്ചും അതിനുവേണ്ടി അവർ മുടക്കിയ രണ്ടുകോടി രൂപയെക്കുറിച്ചും ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപി ഉൾപ്പെടെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതു പുറത്തുവന്നതിനെത്തുടർന്ന് ജയിൽ ഡിജിപിയെയും രൂപയെയും സ്ഥലംമാറ്റി. ട്രാഫിക്, റോഡ് സുരക്ഷ വിഭാഗത്തിലേക്കാണു രൂപയെ മാറ്റിയത്.

ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ ശശികലയും ബന്ധു ഇളവരശിയും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ രൂപ അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. തടവുകാരുടെ വേഷത്തിലല്ല ശശികലയെ ദൃശ്യങ്ങളിൽ കാണുന്നത്. കൂർത്തയണിഞ്ഞാണ് ശശികല പുറത്തു പോകുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ