ബെംഗളൂരു: കര്‍ണാടകയില്‍ നാടകീയത തുടരുകയാണ്. നിയമസഭാ കക്ഷിയോഗത്തില്‍ നാല് എംഎല്‍എമാര്‍ പങ്കെടുക്കാതെ വന്നതിന് പിന്നാലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബെംഗളൂരുവിന് സമീപമുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എഎമാരെ മാറ്റിയത്.
ബംഗളൂരുവില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ 75 എംഎല്‍എമാര്‍ പങ്കെടുത്തപ്പോള്‍ നാല് പേര്‍ വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്ത് നിന്ന് അടര്‍ത്തിയെടുത്ത രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ തിരിച്ചെത്തിയെങ്കിലും നാല് പേരുടെ അഭാവം കോണ്‍ഗ്രസിന് തിരിച്ചടിയായി.
Bengaluru: Congress MLAs move to Eagleton resort after CLP meeting pic.twitter.com/Y2W9t0ZGEK
— ANI (@ANI) January 18, 2019
ഉമേഷ് യാദവ്, രമേശ് ജാര്‍കിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. അതേസമയം യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഉമേഷ് യാദവും ബി നാഗേന്ദ്രയും കാരണം ബോധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ‘ഓപറേഷന്‍ താമര’ അവസാനിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്.
ആകെ 80 അംഗങ്ങളാണ് കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയിലുള്ള അംഗബലം. സ്പീക്കറെ മാറ്റി നിര്‍ത്തിയാല്‍ നിയമസഭയിലെ കോണ്‍ഗ്രസ് പ്രാധിനിത്യം ആകെ 79 പേരായി ചുരുങ്ങും. 75 പേരെ യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
സഖ്യ സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ബിജെപിയുടെ ഗൂഢാലോചന വെളിപ്പെട്ടു. എന്തൊക്കെ സംഭവിച്ചാലും സര്‍ക്കാരിന് ഭീഷണിയാകില്ലെന്നും അഞ്ച് വര്‍ഷവും തങ്ങള്‍ തന്നെ ഭരിക്കുമെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും മുഖത്തേറ്റ അടിയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.