ബെംഗളൂരു: കർണാടകയിലെ ഒരു കൂട്ടം​ കോൺഗ്രസ്​ എംഎൽഎമാരെ കാണാതായതില്‍ ‘ഓപ്പറേഷന്‍ താമര’ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സഖ്യ സര്‍ക്കാരിന് യാതൊരു തരത്തിലുള്ള​ ഭീഷണിയും ഇല്ലെന്ന നിലപാടിലാണ്. എംഎല്‍എമാരെ ഉപയോഗിച്ച് ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് ബെംഗളൂരുവില്‍ യോഗം വിളിച്ചു. തങ്ങളുടെ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ഭരണത്തിലേറാന്‍ ബിജെപി ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാണാമറയത്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും അവര്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് കുമാരസ്വാമി പറയുന്നത്. ‘എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ഞാനുമായി ബന്ധപ്പെടുന്നുണ്ട്. എന്നെ അറിയിച്ചിട്ടാണ് അവര്‍ മുംബൈയില്‍ പോയത്. എന്റെ സര്‍ക്കാരിന് ഒരു തരത്തിലുളള ഭീഷണിയും ഇല്ല. ബിജെപി അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായും അവര്‍ക്ക് എന്ത് വാഗ്‌ദാനമാണ് നല്‍കിയതെന്നും എനിക്ക് അറിയാം. അത് കൈകാര്യം ചെയ്യാന്‍ എനിക്ക് അറിയാം,’ കുമാരസ്വാമി പറഞ്ഞു.

അതേസമയം, കാണാതായ എംഎല്‍എമാര്‍ ബിജെപി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ സഖ്യസർക്കാരിനെ മറിച്ചിടാൻ ബിജെപി നടത്തുന്ന ‘ഓപ്പറേഷൻ താമര​’ യാഥാർത്ഥ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ‘സംസ്​ഥാനത്ത്​ കുതിരക്കച്ചവടം നടക്കുന്നു. ഞങ്ങളുടെ ​എംഎൽഎമാർ മുംബൈയി​ലെ ഒരു ഹോട്ടലിൽ ബിജെപി എംഎൽഎമാർക്കും നേതാക്കൾക്കുമൊപ്പമാണ്​. അവിടെ എന്താണ്​ സംഭവിക്കുക എന്നും അവർക്ക്​ എത്ര വാഗ്​ദാനം ചെയ്​തുവെന്നും ഞങ്ങൾക്കറിയാം,’ ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി എച്ച്​.ഡി.കുമാരസ്വാമി ബിജെപിയോട്​ കരുണ കാണിക്കുന്നു. ബിജെപിക്ക്​ അവരു​ടെ ശ്രമത്തിൽ വിജയിക്കാനാവില്ല. മകര സംക്രാന്തിക്ക്​ ശേഷം ഒരു പരിവർത്തനമുണ്ടാകുമെന്ന്​ ബിജെപി പറയുന്നു. കൂറുമാറ്റ നിരോധന നിയമമുള്ളതിനാൽ അത്​ അത്ര എളുപ്പമല്ല. എന്നാൽ അവർ നൽകുന്ന സൂചന എന്താണെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook