ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച കർണാടക കോൺഗ്രസ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

“ഡി.കെ. ശിവകുമാറിന്റെ അറസ്റ്റിലും, സർക്കാർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ച്, കർണാടക കോൺഗ്രസ് സെപ്റ്റംബർ നാലിന് സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്യുന്നു,” കെപിസിസി ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
വൈദ്യപരിശോധനക്ക് ദില്ലി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാ‌ർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

Read More: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍

ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാ‌ഴ്‌ചയാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമൻസ് അയച്ചത്.

2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതാണ് ശിവകുമാറിനെതിരായ നീക്കങ്ങളുടെ കാരണം.

അറസ്റ്റിൽ കർണാടകയില്‍ വ്യാപക പ്രതിഷേധമാണ് ചൊവ്വാഴ്‌ച രാത്രി മുതൽ ഉയരുന്നത്. ചൊവ്വാഴ്ച ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി. ശിവകുമാറിനെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി. എന്നാൽ, പ്രതിഷേധങ്ങൾ വകവയ്ക്കാതെ പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ദിവസത്തെ ചോദ്യം ചെയ്യലിൽ ഏതാനും രേഖകളും ഇഡി പരിശോധിച്ചിരുന്നു.

ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നായിരുന്നു ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. താൻ തിരിച്ചുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമപോരാട്ടത്തിൽ വിജയിക്കുമെന്നും അറസ്റ്റിനു പിന്നാലെ ഡി.കെ.ശിവകുമാർ ട്വീറ്റ് ചെയ്തിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook