ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എച്ച്.ഡി.കുമാരസ്വാമിയുടെ അഭ്യർഥന സ്പീക്കര്‍ നിരസിച്ചു.

സ്പീക്കർ മുമ്പാകെ നേരിട്ട് ഹാജരാകുന്നതിന് സമയം നീട്ടി നൽകണമെന്ന് കർണാടകയിലെ വിമത എംഎൽഎമാർ അറിയിച്ചു. ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എംഎൽഎമാർ സ്പീക്കർ കെ.​ആ​ർ.ര​മേ​ശ്​ കു​മാ​റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സ്​​പീ​ക്ക​ർക്ക് കത്ത് അയച്ചു.

കത്തയച്ച സാഹചര്യത്തിൽ അയോഗ്യത നടപടികളിൽ വാദം കേൾക്കാൻ ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് സ്​​പീ​ക്ക​ർ മുമ്പാകെ വിമത എംഎൽഎമാർ ഹാജരാകില്ലെന്ന് ഉറപ്പായി. രാജിവച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസും ജെഡിഎസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്.

വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ സ്​​പീ​ക്ക​ർ കെ.​ആ​ർ.ര​മേ​ശ്​ കു​മാ​റി​ന്​ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ്​ ന​ൽ​കി​യിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, കെപിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ.രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയിരുന്നു

ഇന്നലെ അർധ രാത്രിയോളം നീണ്ട വാഗ്വാദത്തിനൊടുവില്‍ രാത്രി 11 മണിയോടെ നിയമസഭ പിരിഞ്ഞു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചത്. വോട്ടെടുപ്പിനായി അർധരാത്രി 12 മണി വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. കുമാരസ്വാമിയും സിദ്ധരാമയ്യയും ഇന്ന് വോട്ടെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

12 വിമത കോൺഗ്രസ് എംഎൽഎമാർ സഭയിൽ ഹാജരാകണമെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാർ നിർദേശം നൽകി. ഇന്ന് 11 മണിക്ക് മുമ്പ് വിമതർ ഹാജരാകണമെന്ന് നിർദേശിച്ച് വിമത എംഎൽഎമാർക്ക് സ്പീക്കർ നോട്ടീസ് നൽകി. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി.

സഭയിൽ സർക്കാർ ഇപ്പോഴും ന്യൂനപക്ഷമായി തന്നെ തുടരുകയാണ്. നിയമസാധുതകൾ കൂടുതൽ ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് – ജനതാദൾ സർക്കാരിന്റെ നീക്കം. വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. സഭാ നടപടികളിൽ ഗവർണറുടെ ഇടപെടലിനെ ചോദ്യം ചെയ്തും കുമാരസ്വാമി സുപ്രീം കോടതിയെ സമീപിക്കും.

Read Also: കർണാടകയില്‍ തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പിക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേരത്തെ ആ​രോ​പി​ച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടും. വോട്ടെടുപ്പ് നടത്താതെ തന്നെ രാജിവച്ചൊഴിയാനുള്ള സാധ്യതകളും സജീവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook